നിതീഷ് കുമാറിൻ്റെ വരവോടെ ബീഹാറിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യം തൂത്തുവാരുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ
_റിപ്പോർട്ട് തയാറാക്കിയത്: ഭരത് കൈപ്പാറേടൻ_
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎയിലേക്ക് മടങ്ങിയതോടെ, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യം ബീഹാർ ‘ക്ലീൻ സ്വീപ്പ്’ ചെയ്യുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു.
ആർജെഡിയും കോൺഗ്രസും ഉൾപ്പെടുന്ന മഹാഗത്ബന്ധൻ ഉപേക്ഷിച്ചതിന് നിതീഷ് കുമാറിനെ പ്രശാന്ത് കിഷോർ കളിയാക്കി. "വിശ്വാസ്യത നഷ്ടപ്പെട്ട നിതീഷ് കുമാറിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 20-ൽ കൂടുതൽ സീറ്റുകൾ നേടാൻ കഴിയില്ല, ജെഡിയുവിന് 20 ൽ കൂടുതൽ സീറ്റുകൾ ലഭിച്ചാൽ, ഞാൻ ഈ പണി നിർത്തും" അദ്ദേഹം പറഞ്ഞു.
ആർജെഡിയും കോൺഗ്രസുമായുമുള്ള ബന്ധം വിച്ഛേദിച്ച് ഒമ്പതാം തവണയും ചേരിമാറി റെക്കോഡിട്ട നിതീഷ് കുമാർ ഓർക്കാപ്പുറത്ത് എൻഡിഎ സഖ്യത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് രാഷ്ട്രീയ നിരീക്ഷരെപ്പോലും അമ്പരപ്പിച്ചിരുന്നു .
2022 ഓഗസ്റ്റിൽ നിതീഷ്‌കുമാർ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചത് തൻ്റെ പാർട്ടിയെ "പിളർത്താൻ" ബിജെപി ശ്രമിക്കുന്നുവെന്നാരോപിച്ചാണ്. തുടർന്ന് അദ്ദേഹം മഹാഗത്ബന്ധനിൽ ചേർന്ന് ഇന്ത്യാ മുന്നണിക്ക് രൂപം നൽകി.
എന്നാൽ 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പുവരെ ജെഡിയു-ബിജെപി സഖ്യത്തിന് ഒരു കാരണവശാലും നിലനിൽക്കാനാവില്ലെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ജനം നിതീഷ് കുമാർനെ തള്ളിക്കളഞ്ഞു. അതുകൊണ്ടാണ് തൻ്റെ കസേര സംരക്ഷിക്കാൻ അദ്ദേഹം എന്തും ചെയ്യാൻ മടികാണിക്കാത്തതെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു.
ഏതു വൃത്തികെട്ടവൻ വന്നാലും സ്വീകരിക്കുന്ന ബി.ജെ.പിയെ ഫ്ലിപ്പ് ഫ്ലോപ്പുകളുടെ പാർട്ടി എന്നാണ് പ്രശാന്ത് കിഷോർ വിശേഷിപ്പിച്ചത്. ബീഹാറിൽ ബി.ജെ.പി ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കിൽ അത് അവർക്ക് കൂടുതൽ നേട്ടമുണ്ടാക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
"ബീഹാറിൽ നിതീഷ് കുമാർ മാത്രമല്ല, ബി.ജെ.പി. ഉൾപ്പെടെ എല്ലാ പാർട്ടികളും 'പൽത്തു റാം'മാരാണ്. പുതിയ ബന്ധം ബി.ജെ.പിയെ ദോഷകരമായി ബാധിക്കും. ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കിൽ ബിജെപിക്ക് കൂടുതൽ കരുത്തുകാട്ടാമായിരുന്നു" വെന്ന് കിഷോർ അഭിപ്രായപ്പെട്ടു



