സുശക്തമായ കുടിയേറ്റ നിയമം കാലഘട്ടത്തിന്റെ ആവശ്യം ഡോക്ടർ ഇരുദയരാജൻ.
കൊച്ചി :
സുശക്തമായ കുടിയേറ്റ നിയമം കാലഘട്ടത്തിന്റെ ആവശ്യം - ഡോക്ടർ ഇരുദയരാജൻ
'പ്രവാസിയുടെ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങൾ: നിയമവിദഗ്ധരുടെ പങ്ക്' എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ 13 /12/2023-ന് നടത്തിയ ഓൺലൈൻ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തവെ ആണ് സുശക്തമായ കുടിയേറ്റ നിയമം കാലഘട്ടത്തിന്റെ ആവശ്യമെന്ന് സി ഡി എസ് മുൻ പ്രൊഫസ്സറും ഇപ്പോൾ international institute of migration and development (IIMAD) kerala-യുടെ അധ്യക്ഷനുമായ ഡോക്ടർ ഇരുദയരാജൻ പറഞ്ഞത്. 1983- മുതലുള്ള ഇന്ത്യൻ കുടിയേറ്റ നിയമം കാലഹരണപ്പെട്ടു എന്നും, കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പരിഷ്കരിച്ച പുതിയ കുടിയേറ്റ നിയമമാണ് ഇന്നിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി എൽ സി കേരള ചാപ്റ്റർ പ്രസിഡന്റ് പി മോഹനദാസ് (മുൻ ജില്ലാ ജഡ്ജ്, മുൻ മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർമാൻ) വെബിനാർ ഉദ്ഘാടനം ചെയ്തു.
പ്രവാസികൾ എരിഞ്ഞുതീരുന്ന മെഴുകുതിരികൾ പോലെയാണെന്ന് തന്റെ ദീർഘകാലത്തെ അനുഭവത്തിൽ പറയാനാകുമെന്ന് ഡോ രാജൻ പറഞ്ഞു. പ്രകാശം പരത്തുന്ന വിദേശവാസത്തിനുശേഷം മടങ്ങിവരുന്ന ബഹുഭൂരിപക്ഷം പ്രവാസികളുടെയും ജീവിതം ദുരിതപൂർണ്ണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ്-19 കാലഘട്ടത്തിൽ 15 ലക്ഷം പ്രവാസികളാണ് മടങ്ങിവന്നത്. നിരവധിപേർ വിദേശങ്ങളിൽ മരണപ്പെട്ടു. മടങ്ങിവന്നവരുടെ പുനരധിവാസത്തിനുവേണ്ട സർക്കാർ നടപടികൾ കാര്യക്ഷമമല്ലന്ന് ഡോ രാജൻ പറഞ്ഞു. ഇൻഡ്യക്കാരുടെ പാസ്പ്പോർട്ടുകൾ നിരവധി രാജ്യങ്ങളിലെ സ്പോൺസർമാർ നിയമവിരുദ്ധമായി പിടിച്ചുവയ്ക്കുന്നത് ആധുനികകാലത്തെ അടിമത്തമാണെന്നും ഡോ.രാജൻ പറഞ്ഞു.
IIMAD-യും പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്ററും ചേർന്നുകൊണ്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ്ലൈൻ സെന്റർ കഷ്ടത അനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്ന പരിഹാരത്തിന് വേണ്ടി രൂപീകരിക്കണമെന്നും ഡോ. ഇരുദയരാജൻ നിർദ്ദേശിച്ചു.
പ്രവാസികളുടെ നിരവധിയായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന്റെ ഭാഗമായി പ്രവാസി ലീഗൽ സെൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും രാഷ്ട്രീയകക്ഷികൾക്കും കൊടുക്കാനുദ്ദേശിക്കുന്ന അവകാശപത്രികക്ക് തന്റെ സഹകരണം ഉറപ്പുതരുന്നതായി ഡോ. രാജൻ പറഞ്ഞു.
പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഡോ. രാജൻ ഉത്തരം നൽകി.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ജോസ് അബ്രഹാം (അഡ്വക്കേറ്റ് ഓൺ റെക്കോർഡ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ)വെബിനാർ മോഡറേറ്റർ ആയിരുന്നു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ സ്വാഗതവും തൽഹത്ത് പൂവച്ചൽ നന്ദിയും പറഞ്ഞു. PLC യു കെ ചാപ്റ്റർ പ്രസിഡന്റ് അഡ്വ. സോണിയ സണ്ണി, ഗ്ലോബൽ പ്രതിനിധി സുധീർ തിരുനിലത്ത്, ഇന്റർനാഷണൽ കോർഡിനേറ്റർ ഹാഷിം പെരുമ്പാവൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



