ഇന്ത്യക്കാരുടെ കുടിയേറ്റം കൂടുതൽ സുരക്ഷിതമാക്കണം . പ്രവാസി ലീഗൽസെൽ

 

ഡൽഹി: ഇന്ത്യക്കാരുടെ കുടിയേറ്റം കൂടുതൽ സുരക്ഷിതമാക്കണം എന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ. നാനൂറിൽ അധികം വരുന്ന നഴ്സുമാർ യൂകെയിൽ തൊഴിൽ തട്ടിപ്പിനിരയായ സാഹചര്യത്തിലാണ് ഈ ആവശ്യവുമായി പ്രവാസി ലീഗൽ സെൽ വിദേശകാര്യ മന്ത്രി ശ്രി. എസ്. ജയശങ്കറിനെ സമീപിച്ചിരിക്കുന്നത്. പതിമൂന്നു ലക്ഷത്തിലധികം രൂപ മുടക്കിയാണ് നാനൂറിൽ അധികം വരുന്ന നഴ്സുമാർ യൂകെയിലേക്ക് കുടിയേറിയത്. എന്നാൽ ഈ നഴ്സുമാർക്ക് റിക്രൂട്ട്മെന്റ് ഏജൻസി പറഞ്ഞ രീതിയിലുള്ള തൊഴിൽ കിട്ടിയില്ല എന്നു മാത്രമല്ല ഇപ്പോൾ ഭക്ഷണം കിട്ടുന്നതിനുപോലും ഈ നഴ്സുമാർ വിഷമിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകിയത്. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം (അഡ്വക്കറ്റ് ഓൺ റെക്കോർഡ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ)  യുകെ നാഷണൽ കോഓർഡിനേറ്റർ അഡ്വ. സോണിയ സണ്ണി എന്നിവരാണ് പ്രവാസി ലീഗൽ സെല്ലിനായി നിവേദനം സമർപ്പിച്ചിരിക്കുന്നത്.

വിദേശ തൊഴിൽ തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ കുടിയേറ്റ നിയമം കൂടുതൽ ശക്തിപ്പെടുത്തുവാനും തട്ടിപ്പു നടത്തുന്ന ഏജൻസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാനും നിവേദനത്തിൽ പ്രവാസി ലീഗൽ സെൽ ആവശ്യപെടുന്നു. നാനൂറിൽ അധികം വരുന്ന നഴ്സുമാർക്ക് യൂകെ യിൽ വേണ്ട സഹായം നൽകാൻ ഇന്ത്യൻ ഹൈകമ്മീഷന്‌ നിർദേശം നൽകുവാനും നിവേദനത്തിൽ ആവശ്യപ്പെട്ടു.


Comment As:

Comment (0)