ഗേലോഡ് മെറ്റൽസിൽ അറ്റകുറ്റ പണിക്കിടെ ക്രെയിൻ ട്രാക്കിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി.
അങ്കമാലി വാപ്പാലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഗേലോഡ് മെറ്റൽസിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. സ്ക്വയർ ട്യൂബുകളും മറ്റും നീക്കം ചെയ്യുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് ഓവർഹെഡ് ട്രാവൽ ക്രെയിനിന്റെ ട്രാക്കിൽ അറ്റകുറ്റ പണി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അബദ്ധത്തിൽ ക്രെയിൻ ട്രോളി ചലിക്കുകയും അറ്റകുറ്റപണിക്കായി കയറിയ കുറുപ്പംപടി സ്വദേശി മങ്കുഴ വീട്ടിൽ എബിൻ ബേബിയുടെ കാൽ വിരലുകൾക്ക് പരിക്കേറ്റ് അവിടെ കുടുങ്ങുകയുമായിരുന്നു.
അങ്കമാലിയിലെ അഗ്നിരക്ഷാസേനയെ അറിയിച്ചതിനെ തുടർന്നു ഗ്രേഡ് അസ്സി. സ്റ്റേഷന് ഓഫീസർ പി.വി പൗലോസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. 30 അടിയോളം ഉയരത്തിൽ ക്രെയിന്റെ ട്രാക്കിൽ കുടുങ്ങി കിടന്ന എബിനെ ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ പി.വി.പൗലോസ് സേനയുടെ ലാഡറിൽ എത്തി താഴെ ഇറക്കുകയായിരുന്നു. വിരലുകൾക്ക് പരിക്കേറ്റ എബിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് സേനാംഗങ്ങളായ വി.കെ.ബിനിൽ , സൂരജ് മുരളി,റെജി എസ് വാര്യർ, സനൂപ് പി. ബി, ശ്രീകുമാർ ബി.എന്നിവരുമുണ്ടായിരുന്നു



