അമേരിക്കന്‍ മലയാളിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ വര്‍ക്കല കോടതി കേസെടുത്ത ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെ ശിവഗിരിധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡില്‍ നിന്നും, ഗുരുധര്‍മ്മപ്രചരണ സഭ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

അദ്ദേഹം സ്ഥാനങ്ങള്‍ രാജിവച്ചൊഴിഞ്ഞുവെന്നാണ് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് അറിയിച്ചത്.

അമേരിക്കന്‍ മലയാളിയായ യുവതിക്കെതിരെ സ്വാമി ഗുരുപ്രസാദ് നടത്തിയ ലൈംഗികപീഡന പരാതിയെക്കുറിച്ച് സൗത്ത് ലൈവാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 2019 ജൂലായ് 19 ന് അമേരിക്കയിലെ ടെക്സാസിലെ അവരുടെ വീട്ടില്‍ അതിഥിയായി താമസിക്കവേ സ്വാമി ഗുരുപ്രസാദ് ഇവരെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന് ഇവര്‍ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ നടപടിയുണ്ടായില്ല.

മുഖ്യമന്ത്രിക്കും, ഡി ജി പിക്കും പരാതി നല്‍കിയിട്ടും അതിജീവിതക്ക് അനുകൂലമായി ഒരു നീക്കവും ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു ഇവര്‍ വര്‍ക്കല കോടതിയെ സമീപിച്ചത്. കോടതിയില്‍ സ്വാമി ഗുരുപ്രസാദിനതിരെ യുവതി 164 പ്രകാരം രഹസ്യമൊഴി നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കോടതി സ്വാമി ഗുരുപ്രസാദിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്ഥാനമടക്കമുള്ള സ്ഥാനങ്ങളില്‍ നിന്ന് സ്വാമി ഗുരുപ്രസാദിനെ ഒഴിവാക്കാന്‍ ശിവഗിരി മഠത്തിന് മേല്‍ സമ്മര്‍ദ്ധമേറിയിരുന്നു.


Comment As:

Comment (0)