കാപ്പ ചുമത്തി ജയിലിൽ അടച്ചു.

നിരവധി കേസുകളിൽ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി  തുരുത്തിശ്ശേരി വിഷ്ണു വിഹാറിൽ  വിനു വിക്രമൻ (29) എന്നയാളെയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ ചുമത്തി ജയിലിലടച്ചത് കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളിൽ നെടുമ്പാശ്ശേരി, ചെങ്ങമനാട്, പറവൂർ, അയ്യമ്പുഴ പോലീസ് സ്റ്റേഷന്‍ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ന്യായവിരോധമായി സംഘം ചേരൽ, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2019 നവംബറിൽ അത്താണിയിൽ ഗില്ലപ്പി ബിനോയി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഇയാൾക്ക് ഈ കേസിന്‍റെ വിചാരണ തീരും വരെ എറണാകുളം ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ലായിരുന്നു. എന്നാൽ കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച്  കഴിഞ്ഞ ജൂണിൽ   ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അടുവാശ്ശേരി മുതലാളിപീടിക ഭാഗത്തെ  ഒരു കടയിൽ അതിക്രമിച്ച് കയറി പണം ആവശ്യപ്പെട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. ആലപ്പുഴയില്‍ ഒളിവിൽ കഴിഞ്ഞ പ്രതിയെ നെടുമ്പാശേരി ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 62 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 36 പേരെ നാട് കടത്തി.


Comment As:

Comment (0)