സിയാലിന്റെ ദൃശ്യവിരുന്നിൽ യേശുദാസിന്റെ ഓണപ്പാട്ട്
യേശുദാസിന്റെ ഓണപാട്ടിനു കൊച്ചി വിമാനത്താവളത്തിന്റെ ദൃശ്യവിരുന്ന്. 18 വർഷത്തെ ഇടവേളക്ക് ശേഷം താരംഗിണിയുടെ ബംനറിൽ യേശുദാസ് പാടിയ ഓണപാട്ട് 'പൊൻ ചിങ്ങത്തേര് ' സിയാലിന്റെയും കൊച്ചിൻ ഡ്യൂട്ടിഫ്രീയുടെയും ദൃശ്യങ്ങളുടെ അകമ്പടിയോടെ പുറത്തിറക്കി. താരംഗിണിയുടെയും സിയാലിന്റെയും യൂട്യൂബ് പേജുകളിൽ ഈ വീഡിയോ സൗജന്യമായി കാണാം.
കൊച്ചി വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യേശുദാസിന്റെ ഓണപ്പാട്ടിന്റെ വീഡിയ പ്രകാശന കർമ്മം നിർവഹിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് അധ്യക്ഷനായി. അമേരിക്കയിൽ നിന്ന് യേശുദാസും ഭാര്യ പ്രഭയും ഓൺലൈൻ ആയി പങ്കെടുത്തു. യേശുദാസിന്റെ ഓണപ്പാട്ടില്ലാതെ മലയാളിക്ക് ഓണം സമ്പൂർണമാവില്ല എന്ന് മോഹൻലാൽ പറഞ്ഞു." എന്റെയും എനിക്കുമുമ്പുള്ള തലമുറയുടെയും പുതിയ തലമുറയുടെയും ആദരവ് നേടാൻ ദാസേട്ടന്റെ പാട്ടുകൾക്കായിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തിന്റെ പല പാട്ടുകൾ പാടി അഭിനയിക്കാനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചു അതിലെനിക്ക് അഭിമാനം ഉണ്ട് "മോഹൻലാൽ പറഞ്ഞു.
ശ്രീ ഹരിഹരൻ പുതുവാതുണ്ടിൽ രചിച്ച് ശ്രീ നന്ദുകർത്താ ഈണമിട്ട പൊൻ ചിങ്ങത്തേര് എന്ന ഒരേയൊരു ഓണപാട്ടാണ് ഈ കുറി യേശുദാസ് ആലപിച്ചിട്ടുള്ളത്. കൊച്ചി വിമാനത്താവളത്തിൽ ആണ് ഇതിന്റെ വീഡിയോ ചിത്രികരണം നടന്നത്. പ്രകാശനച്ചടങ്ങിൽ ചലച്ചിത്രതാരങ്ങളായ രമേശ് പിഷാരടി , മനോജ് കെ.ജയൻ , ഗായകരായ സുജാത മോഹൻ , വിജയ് യേശുദാസ്, സുധീർ, സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ എ എം. ഷബീർ, എയർപോർട്ട് ഡയറക്ടർ ദിനേശ് കുമാർ,കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഹെഡ് ഓപ്പറേഷൻസ് ജേക്കബ് എബ്രഹം, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സന്തോഷ് പൂവാട്ടിൽ എന്നിവര് പങ്കെടുത്തു.



