എറണാകുളത്തിന് ആദ്യ മുഖ്യമന്ത്രിയെ കിട്ടിയ സന്തോഷത്തില്‍ സ്വന്തം ആരോഗ്യം മറന്നും പറവൂരിലെ സ്വീകരണ യോഗത്തില്‍ അധ്യക്ഷനായി; കെ.പി ധനപാലൻ ഇനി ഓർമ്മയിൽ മാത്രം

കൊച്ചി: ഏക മകന്റെ അപ്രതീക്ഷിത വിയോഗം ഏല്‍പ്പിച്ച കടുത്ത മാനസികാഘാതത്തില്‍ നിന്നും ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും മുക്തനാവാതെ ഒടുവില്‍ ആ ജനപ്രിയ നേതാവും യാത്രയായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചാലക്കുടി മുന്‍ ലോക്‌സഭാംഗവുമായ കെ.പി. ധനപാലന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് മാത്രമല്ല, കേരള പൊതുസമൂഹത്തിനാകെ വലിയ നോവായി മാറി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മകന്‍ കെ.ഡി. ബ്രിജിത്തിന്റെ വേര്‍പാടിന് പിന്നാലെയുണ്ടായ കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ് അദ്ദേഹത്തെ മരണത്തത്തിലേക് നയിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ എറണാകുളം ജില്ലയിലെ വൈപ്പിന്‍ മണ്ഡലത്തിലേക്ക് ഒരുഘട്ടത്തില്‍ കോണ്‍ഗ്രസ് സജീവമായി പരിഗണിച്ചിരുന്നത് കെ.പി. ധനപാലനെയായിരുന്നു. വൈപ്പിനിലെ തദ്ദേശ തിരഞ്ഞെടുപ്പ് ചുമതല വിജയകരമായി പൂര്‍ത്തിയാക്കിയ അദ്ദേഹം, സി.പി.എമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പലപ്പോഴും തഴയപ്പെട്ടിട്ടുണ്ടെങ്കിലും എക്കാലത്തും പാര്‍ട്ടിയോട് പൂര്‍ണ്ണമായി വിധേയത്വം പുലര്‍ത്തിയ ധനപാലന്‍ മത്സരിക്കാന്‍ അനുകൂലമായ സാഹചര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, മകന്റെ വിയോഗവും തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും കാരണം അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരികയായിരുന്നു. . തദ്ദേശ തിരഞ്ഞെടുപ്പില്‍ വൈപ്പിന്‍ മേഖലയുടെ ചുമതലക്കാരനായിരുന്ന ധനപാലന്റെ തന്ത്രങ്ങളാണ് അവിടെ യു.ഡി.എഫിന് ചരിത്രവിജയം സമ്മാനിച്ചത്. എടവനക്കാടും പള്ളിപ്പുറവും ഒഴികെയുള്ള പഞ്ചായത്തുകള്‍ തിരിച്ചുപിടിച്ചതോടെ വൈപ്പിന്‍ നിയമസഭാ സീറ്റ് സി.പി.എമ്മില്‍ നിന്ന് പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന വലിയ ആത്മവിശ്വാസം അദ്ദേഹം പാര്‍ട്ടിക്ക് പകര്‍ന്നുനല്‍കി. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ പോലും അദ്ദേഹം വൈപ്പിനില്‍ ജനവിധി തേടണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും വിധി മറ്റൊന്നായിരുന്നു. ഇടതു കോട്ടയായ വൈപ്പിനില്‍ മത്സരിച്ചത് ടോണി ചിമ്മിണിയാണ്. ടോണി ജയിക്കുകയും ചെയ്തു.  കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സമുന്നത നേതാക്കളായ എ.കെ. ആന്റണിയുടെ വിശ്വസ്തനും 'എ' ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ വലംകൈയുമായിരുന്നു കെ.പി. ധനപാലന്‍. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം എല്ലാവര്‍ക്കും സ്വീകാര്യനായ അദ്ദേഹം എറണാകുളം ഡി.സി.സി. പ്രസിഡന്റായും മികവ് തെളിയിച്ചു. നീണ്ടകാലത്തെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം 2021-ലെ പാര്‍ട്ടി പുനഃസംഘടനയില്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായി.  പാര്‍ലമെന്ററി ജീവിതത്തില്‍ 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന സീറ്റ് മാറ്റം ധനപാലന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. സിറ്റിങ് സീറ്റായ ചാലക്കുടിയില്‍ നിന്ന് മുതിര്‍ന്ന നേതാവ് പി.സി. ചാക്കോയ്ക്ക് വേണ്ടി തൃശൂരിലേക്ക് മാറിക്കൊടുക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം അദ്ദേഹം നിര്‍ബന്ധിതനായി. എന്നാല്‍ ഈ സീറ്റ് മാറ്റം വലിയ രാഷ്ട്രീയ പരാജയത്തിലാണ് കലാശിച്ചത്. ചാലക്കുടിയില്‍ പി.സി. ചാക്കോ സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇന്നസെന്റിനോടും, തൃശൂരില്‍ മത്സരിച്ച കെ.പി. ധനപാലന്‍ സി.പി.ഐയിലെ സി.എന്‍. ജയദേവനോടും പരാജയപ്പെടുകയായിരുന്നു.  മാറാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് പല മുതിര്‍ന്ന നേതാക്കളും തന്നോട് സമ്മതിച്ചിട്ടുണ്ടെന്ന് ധനപാലന്‍ തുറന്നുപറഞ്ഞിരുന്നു. ഈ രാഷ്ട്രീയ തെറ്റ് വരും തിരഞ്ഞെടുപ്പുകളില്‍ തിരുത്തുമെന്ന ഉറച്ച പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിരുന്നു. കൊടുങ്ങല്ലൂര്‍ നിയമസഭാ സീറ്റില്‍ സി.പി.ഐയിലെ പ്രഗത്ഭനായ നേതാവ് വി.കെ. രാജനെതിരെ ധനപാലന്‍ നടത്തിയ മത്സരരംഗവും അടുത്തിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ജന്മനാടായ പറവൂരില്‍ ഒരുക്കിയ വന്‍ സ്വീകരണ പരിപാടിയിലും ആരോഗ്യപ്രശ്‌നങ്ങള്‍ വകവയ്ക്കാതെ ധനപാലന്‍ പങ്കെടുത്തിരുന്നു. മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായെത്തിയ ആ പ്രൗഢമായ ചടങ്ങിന്റെ അധ്യക്ഷന്‍ കെ.പി. ധനപാലനായിരുന്നു. എറണാകുളം ജില്ലയ്ക്ക് ഒരു മുഖ്യമന്ത്രിയെ (ഭാവിയില്‍) ലഭിച്ചേക്കാമെന്ന വലിയ സന്തോഷത്തിലായിരുന്നു അദ്ദേഹം ആ വേദിയില്‍ സംസാരിച്ചത്. ഏറെക്കാലമായി അലട്ടിയിരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിച്ചായിരുന്നു അദ്ദേഹം ചാലക്കുടിയിലെ പാര്‍ട്ടി പരിപാടികളിലും സജീവമായി പങ്കെടുത്തത്. എന്നാല്‍ കഴിഞ്ഞദിവസം രോഗാവസ്ഥ വീണ്ടും വഷളാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 

.സുമയാണ് ഭാര്യ


Comment As:

Comment (0)