മന്നം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രോത്സവം: കാവടി ഘോഷയാത്രയിൽ ഗതാഗത തടസ്സം ഒഴിവാക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം

കൊച്ചി: മന്നം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മകരത്തൈപ്പൂയം മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കാവടി ഘോഷയാത്ര മൂലം പൊതുവഴികളിൽ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തത്തപ്പിള്ളി സ്വദേശിയും ക്ഷേത്രഭക്തനുമായ എ.എം. ഉദയൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. 2026 ജനുവരി 23ന് ആരംഭിച്ച ക്ഷേത്രോത്സവം ഫെബ്രുവരി 1ന് സമാപിക്കും. ഈ കാലയളവിൽ, പ്രത്യേകിച്ച് ജനുവരി 31നും ഫെബ്രുവരി 1നും, കവടി ഘോഷയാത്ര പൊതുവഴികളിലൂടെ കടന്നുപോകുന്നതിലൂടെ ആലുവ–പറവൂർ റോഡ്, മന്നം - പെരുവാരം, മന്നം–തത്തപ്പിള്ളി റോഡുകൾ ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ ഗതാഗതം പൂർണമായി തടസ്സപ്പെടുന്നുവെന്നായിരുന്നു ഹർജിയിലെ ആരോപണം.
ഘോഷയാത്രകൾ മൂലം പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും വയോധികർക്കും വലിയ പ്രയാസങ്ങൾ നേരിടുന്നുവെന്നും ആംബുലൻസ്, അഗ്നിരക്ഷാ വാഹനങ്ങൾ പോലുള്ള അടിയന്തര സേവനങ്ങൾക്ക് പോലും വഴിയില്ലാത്ത സാഹചര്യം ഉണ്ടാകുന്നുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. മതാചാരങ്ങളോടല്ല, മറിച്ച് പൊതുസുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാകുന്ന രീതിയിലുള്ള ഘോഷയാത്രാ നടത്തിപ്പിനോടാണ് എതിർപ്പെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ക്ഷേത്രത്തിനോട് ചേർന്ന് ഏകദേശം 2 ഏക്കർ 38 സെന്റ് ഭൂമി നിലവിലുണ്ടെന്നും, പൊതുവഴികൾ തടസ്സപ്പെടുത്താതെ തന്നെ ഉത്സവം നടത്താൻ ആവശ്യമായ സൗകര്യങ്ങൾ അവിടെ ഒരുക്കാൻ കഴിയുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. കേരള പബ്ലിക് വെയ്സ് (റിസ്ട്രിക്ഷൻ ഓഫ് അസംബ്ലീസ് ആൻഡ് പ്രൊസഷൻസ്) ആക്ട് 2011ലെ വ്യവസ്ഥകൾ ലംഘിച്ചാണ് പൊതുവഴികൾ പൂർണമായി തടയുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഇരുപക്ഷങ്ങളുടെയും വാദങ്ങൾ പരിഗണിച്ച കോടതി, ഗ്രാമീണ പോലീസ് സൂപ്രണ്ടിന് (റൂറൽ) നിർദേശങ്ങൾ നൽകി. ക്ഷേത്ര ഭരണസമിതിയുമായി ആലോചിച്ച് കവടി ഘോഷയാത്ര സുഗമമായി നടത്തുന്നതിനും ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും വേണ്ട ക്രമീകരണങ്ങൾ ഒരുക്കണം. ഘോഷയാത്രയ്ക്കായി നിശ്ചിത പാതകൾ അടയാളപ്പെടുത്തി റോഡിന്റെ മുഴുവൻ വീതിയും കൈയേറുന്നത് തടയണമെന്നും കോടതി നിർദേശിച്ചു. ഉത്സവം സമാധാനപരവും ക്രമബദ്ധവുമായി നടക്കുന്നതിനാവശ്യമായ മറ്റ് എല്ലാ നടപടികളും പോലീസ് സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ഹർജി ഫെബ്രുവരി 9ന് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചിട്ടുണ്ട്.
 


Comment As:

Comment (0)