ഗ്രാഫീൻ: കരുത്തും കുതിപ്പും പകരാൻ കേരളം ഒരുങ്ങുന്നു.

 


ഗ്രാഫീൻ: കരുത്തും കുതിപ്പും പകരാൻ 
കേരളം ഒരുങ്ങുന്നു


വ്യവസായ മേഖലയിൽ വിപ്ലവാത്മകമായ അനവധി പദ്ധതികൾക്കാണ്‌ കഴിഞ്ഞ ഒൻപത് വർഷം കേരളം സാക്ഷ്യം വഹിച്ചത്.   ഇപ്പോഴിതാ  നാളെയുടെ    
അത്ഭുത പദാർത്ഥം എന്നറിയപ്പെടുന്ന ഗ്രാഫീൻ അധിഷ്ഠിത വ്യവസായത്തിന് കൂടി തുടക്കമിടുകയാണ് സംസ്ഥാനം. 
കൊച്ചി കളമശേരിയിലെ കിൻഫ്ര പാർക്കിൽ  ഗ്രാഫീൻ ഇന്നൊവേഷൻ സെൻ്റർ പ്രവർത്തനത്തിന് ഒരുങ്ങിവരുകയാണ്. ഇത് ഇന്ത്യയിൽ തന്നെ ആദ്യ സംരംഭം എന്നത് കൂടാതെ വ്യവസായ മേഖലയിലെ കേരള മോഡലിന് വീണ്ടുമൊരു തിലകമാകും.

* ഗ്രാഫീൻ എന്ന അത്ഭുതം!

അത്ഭുത വസ്തു, നാളെയുടെ പദാർത്ഥം എന്നൊക്കെ വിളിക്കപ്പെടുന്ന പദാർത്ഥമാണ് ഗ്രാഫീൻ. ഇതിൻ്റെ  അസാധാരണമായ ഗുണങ്ങളാണ് ഇത്തരം വിശേഷണങ്ങൾക്ക് കാരണം. 2004-ൽ ഡച്ച് - ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ആന്ദ്രേ ജെയിം, റഷ്യൻ - ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ കോൺസ്റ്റാൻ്റിൻ നോവോസെലോവ് എന്നിവർ ചേർന്നാണ് ഗ്രാഫീൻ കണ്ടെത്തിയത്. ഗ്രാഫീനുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്ക് 2010-ലെ ഇരുവർക്കും ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചിരുന്നു.

സ്റ്റീലിനെക്കാൾ 200 മടങ്ങ് ശക്തിയും ചെമ്പിനേക്കാൾ മികച്ച വൈദ്യുത ചാലകശേഷിയുമുള്ള ഗ്രാഫീന് വജ്രത്തേക്കാൾ കൂടുതൽ കടുപ്പവും താപചാലകശേഷിയുമുണ്ട്. അതേസമയം വളരെ കനം കുറഞ്ഞതും വഴക്കമുള്ളതുമാണ്. കാർബൺ ആറ്റങ്ങൾ ചേർന്ന് ഒരൊറ്റ പാളിയായി രൂപംകൊള്ളുന്ന ഗ്രാഫീൻ്റെ ഘടന തേനീച്ചയുടെ അറകൾക്ക് സമാനമാണ്. ഇത്തരത്തിലുള്ള ഗുണങ്ങൾ കാരണം ഇലക്ട്രോണിക്സ്, ഊർജ്ജം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ സമീപഭാവിയിൽ വിപ്ലവം സൃഷ്ടിക്കും.

* അനന്തമായ സാധ്യതകൾ


ഗ്രാഫീൻ ഉപയോഗിച്ച് വേഗമേറിയതും കാര്യക്ഷമവുമായ കംപ്യൂട്ടർ ചിപ്പുകൾ ഉണ്ടാക്കാൻ കഴിയും. നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ കാലം ഈടുനിൽക്കുന്നതും വേഗത്തിൽ ചാർജ് ചെയ്യാവുന്നതുമായ ബാറ്ററികൾ നിർമ്മിക്കാം. ഗ്രാഫീൻ ഉപയോഗിച്ച് നിർമ്മിക്കുന്ന ടച്ച്സ്ക്രീനുകൾ കൂടുതൽ ഈട് നിൽക്കും. രാസവസ്തുക്കളെയും വാതകങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്ന സെൻസറുകൾ നിർമ്മിക്കാനാകും. ജലം ശുദ്ധീകരിക്കാനും വിഷവാതകങ്ങളെ നീക്കം ചെയ്യാനും ഉപയോഗിക്കുന്ന ഫിൽറ്ററുകൾ, ചൂട് നിയന്ത്രിക്കാനും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്ന വസ്ത്രങ്ങൾ,  ഭാരം കുറഞ്ഞതും കൂടുതൽ ഈടുനിൽക്കുന്നതുമായ കാറുകൾ തുടങ്ങിയവ നിർമ്മിക്കാനും കഴിയും. 

ഇതുപോലെ അനന്തമായ സാധ്യതകളുടെ വാതായനങ്ങളാണ്  ഗ്രാഫീൻ തുറന്നിടുന്നത്. വിവിധ മേഖലകളിൽ നിലവിൽ ഉള്ളതിനേക്കാൾ കാര്യക്ഷമവും ചിലവ് കുറഞ്ഞതുമായ ഉപകരണങ്ങളും ഉൽപ്പന്നങ്ങളും നിർമ്മിക്കാൻ കഴിയും. 

* ഗ്രാഫീൻ സാങ്കേതിക വിദ്യയിലെ കേരള മോഡൽ

ഗ്രാഫീനുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെയും വ്യാവസായികമായി ഉത്പാദിപ്പിക്കാനുള്ള പ്രവർത്തനങ്ങളുടെയും കാര്യത്തിൽ രാജ്യത്തിന് തന്നെ മാതൃകയാണ് കേരളം. ലോകത്ത് ആദ്യമായി ഗ്രാഫീൻ നയം രൂപീകരിച്ച സംസ്ഥാനം എന്ന ഖ്യാതിയും കേരളത്തിന് സ്വന്തമാണ്.

രാജ്യത്തെ ആദ്യത്തെ ഗ്രാഫീൻ ഇന്നൊവേഷൻ സെൻ്റർ സ്ഥാപിക്കുന്നത് കൊച്ചിയിലാണ്. ഗ്രാഫീനുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് വൻ തുകയാണ്  സർക്കാർ ചെലവഴിക്കുന്നത്. ഇത് ഭാവിയിൽ വലിയ തോതിലുള്ള നിക്ഷേപങ്ങൾ കേരളത്തിലേക്ക് എത്തിക്കാൻ വഴിയൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല.

2022-ൽ തന്നെ സംസ്ഥാനത്ത് ഗ്രാഫീൻ പൈലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി സ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. 237 കോടി രൂപ ചെലവിൽ പി.പി.പി മാതൃകയിൽ സ്ഥാപിക്കാനായിരുന്നു തീരുമാനം. കേരള ഡിജിറ്റൽ സർവ്വകലാശാലക്കാണ്  നിർവ്വഹണ ചുമതല നൽകിയിരുന്നത്.

പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കൊച്ചിയിലെ കാർബൊറാണ്ടം യൂണിവേഴ്സൽ  ആണ് ഗ്രാഫീൻ ഉൽപാദനത്തിന് സംസ്ഥാനത്ത് തുടക്കമിട്ടത്. 


* ഗ്രാഫീൻ ഇന്നോവേഷൻ സെന്റർ 

ഇന്ത്യ ഇന്നൊവേഷൻ സെൻ്റർ ഫോർ ഗ്രാഫീൻ എന്ന് പേരിട്ടിട്ടുള്ള സെൻ്ററിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഡിജിറ്റൽ സർവ്വകലാശാലയും കേന്ദ്രസർക്കാർ സ്ഥാപനമായ സെൻ്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയും ചേർന്നാണ് ഈ മികവിൻ്റെ കേന്ദ്രം ആരംഭിക്കുന്നത്. ഇതിന്റെ ആദ്യപടിയായി സെൻ്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയും ടാറ്റ സ്റ്റീലും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.

ഇന്ത്യ ഇന്നൊവേഷൻ സെൻ്റർ ഫോർ ഗ്രാഫീൻ എന്ന് പേരിട്ടിട്ടുള്ള സെൻ്ററിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഗ്രാഫീൻ്റെ ഭാവി നേരത്തെ തന്നെ മനസിലാക്കിയായിരുന്നു സെൻ്റർ നിർമ്മിക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. 

2023 ഒക്ടോബറിലായിരുന്നു സംസ്ഥാന സർക്കാർ കേരളത്തിൽ ഗ്രഫീൻ പ്രൊഡക്ഷൻ ഫെസിലിറ്റി സെൻ്റർ നിർമ്മിക്കാൻ തീരുമാനിച്ചത്. കിൻഫ്രക്കായിരുന്നു നിർമ്മാണ ചുമതല. ഒരു വർഷത്തിനുള്ളിൽ തന്നെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം പൂർത്തിയാക്കി ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കൈമാറി. നാല് നിലകളിലായി 60,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഏതാനും മാസങ്ങൾക്കുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

10,000 ചതുരശ്രയടി വരുന്ന ക്ലീൻ റൂമും അത്രതന്നെ വലിപ്പമുള്ള ഇൻകുബേഷൻ സെന്ററും ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. നിലവിൽ ലോകത്തിൽ വിരലിലെണ്ണാവുന്ന ഗ്രഫീൻ പാർക്കുകൾ മാത്രമേയുള്ളൂ. 


* ഗ്രാഫീൻ അറോറ

ഗ്രഫീൻ ഉൾപ്പെടെയുള്ള മെറ്റീരിയല്‍ സാങ്കേതികവിദ്യകളില്‍  പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾക്കാണ് സംസ്ഥാന സർക്കാർ രൂപം നൽകുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗ്രാഫീൻ അറോറ എന്ന പദ്ധതി. 

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിൽ കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവര സാങ്കേതികവിദ്യയും മന്ത്രാലയത്തിന്റെയും വ്യവസായ പങ്കാളികളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി മുഖേനയാണ് നടപ്പാക്കുന്നത്.

94.85 കോടി രൂപ ചിലവിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ സംസ്ഥാന സര്‍ക്കാര്‍ 47.22 കോടി രൂപയും കേന്ദ്ര ഇലക്ട്രോണിക്‌സ് വിവര സാങ്കേതികവിദ്യാ മന്ത്രാലയം 37.63 കോടി രൂപയും വ്യവസായ പങ്കാളികള്‍ 10 കോടി രൂപയും ചിലവഴിക്കും. ഗ്രാഫീൻ സാങ്കേതികവിദ്യയുടെ വളർച്ചയെ ത്വരിതപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

* മാതൃകയായി ഗ്രാഫീൻ നയം

ലോകത്ത് ആദ്യമായി ഗ്രാഫീൻ നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം എന്ന് പറഞ്ഞല്ലോ. സംസ്ഥാനത്തെ ഗ്രാഫീൻ നവീനതയുടെയും ഉൽപാദനത്തിന്റെയും മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നയം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഗ്രാഫീൻ സാങ്കേതികവിദ്യകളുടെ ഗവേഷണം, വികസനം, വാണിജ്യവൽക്കരണം എന്നിവയ്ക്കായി ശക്തമായ ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് നയ രൂപീകരണം. 

ആദ്യഘട്ടപ്രവർത്തനങ്ങളിലുൾപ്പെട്ട ഗ്രാഫീൻ ഇന്നൊവേഷൻ സെന്ററും ഗ്രാഫീൻ പ്രൊഡക്ഷൻ പാർക്കും സ്ഥാപിക്കുന്നതിലൂടെ സ്റ്റാർട്ടപ്പുകൾക്കും വ്യവസായ മേഖലക്കും അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും ലഭ്യമാക്കുന്നു. ഇത് വിജ്ഞാനം, വ്യവസായം, ഭരണകൂടം എന്നിവയെ യോജിപ്പിച്ചുള്ള നിക്ഷേപവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നു.

പ്രകൃതിവിഭവങ്ങളും നൈപുണ്യവും ഉള്ള തൊഴിലാളികളെ പ്രയോജനപ്പെടുത്തി, കേരളം ഗ്രാഫീൻ ആപ്ലിക്കേഷനുകളിൽ മുന്നേറ്റം നടത്താൻ ലക്ഷ്യമിടുന്നു. ഇത് സുസ്ഥിര വ്യാവസായിക വളർച്ചയ്ക്കും സാമ്പത്തിക വികസനത്തിനും വഴിയൊരുക്കും.

* ആഗോള ഭീമന്മാരുമായി സഹകരണം

ഗ്രാഫീനുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും ഉത്പാദനത്തിലും ലോകത്ത് തന്നെ നേതൃ നിരയിലുള്ള സ്ഥാപനങ്ങളുമായി സഹകരിക്കുകയാണ് കേരളം. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും ഇനിയും കൈവരിക്കാൻ  കഴിയാത്ത നേട്ടമാണിത്.
 
2022-ലാണ് ഗ്രാഫീൻ മേഖലയിലെ സഹകരണത്തിനായി കേരള  ഡിജിറ്റൽ സർവ്വകലാശാല, മാഞ്ചസ്റ്റർ, ഓക്സ്ഫോർഡ്, എഡിൻബറോ, സൈഗൻ എന്നീ സർവ്വകലാശാലകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റേയും വ്യവസായ മന്തി പി രാജീവിൻ്റേയും സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവെച്ചത്. മാഞ്ചസ്റ്റർ സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ ഗ്രാഫീൻ കണ്ടു പിടിച്ചതിന് നോബേൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞനായ ആന്ദ്രേ ജെയിമും പങ്കെടുത്തിരുന്നു. ഗ്രാഫീൻ രംഗത്ത് സംസ്ഥാന സർക്കാർ  മുൻകൈയെടുക്കുന്നത് ഭാവി വ്യവസായത്തിൽ കേരളത്തെ മുമ്പിലാക്കുന്നതിന് സഹായിക്കുമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. 

*  കേരളത്തിൻ്റെ വികസന കുതിപ്പ്


ഗ്രാഫീൻ മേഖലയിലെ കേരളത്തിൻ്റെ യാത്രയെ കുറിച്ച് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. "പ്രോട്ടോടൈപ്പിൽ നിന്ന് പൈലറ്റ് പ്രോജക്ടിലേക്കും തുടർന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിലേക്കും ക്രമാനുഗതമായി മുന്നേറുന്ന വിധമായിരിക്കും ഗ്രഫീൻ പാതയിലെ കേരള സഞ്ചാരം." കൈയ്യും മെയ്യും മറന്ന് സംസ്ഥാന സർക്കാർ ഒപ്പമുള്ളപ്പോൾ ആ യാത്ര സുസ്ഥിരമാകുമെന്ന കാര്യത്തിൽ സംശയമില്ല. അത് ഗ്രാഫീനിൽ മറ്റൊരു കേരള മാതൃക ഉയർത്തുമെന്ന് ഉറപ്പാണ്.


Comment As:

Comment (0)