കേരളത്തിൻ്റെ മഹിതമയപാരമ്പര്യം നിലനിർത്താൻ ഗ്രന്ഥശാലകൾ വലിയ പങ്ക് വഹിക്കുന്നു. എ എൻ ഷംസീർ

 


*കേരളത്തിൻ്റെ മഹിതമായ പാരമ്പര്യം നിലനിർത്താൻ ഗ്രന്ഥശാലകൾ വലിയ പങ്ക് വഹിക്കുന്നു - എ. എൻ ഷംസീർ* 

* കദളിക്കാട് നാഷണൽ റീഡിംഗ് ക്ലബ്ബ് ആൻ്റ് പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സമാപിച്ചു


കേരളത്തിൻ്റെ മഹിതമായ പാരമ്പര്യം നിലനിർത്തുന്നതിൽ ഗ്രന്ഥശാലകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. കദളിക്കാട് നാഷണൽ റീഡിംഗ് ക്ലബ്ബ് ആൻ്റ് പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ജൂബിലി സ്മാരക ഹാളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

  ആധുനിക കാലത്തിന് അനുസൃതമായി വിരൽ തുമ്പിൽ പുസ്തകങ്ങൾ ലഭ്യമാകുന്ന തരത്തിൽ ലൈബ്രറികൾ ഡിജിറ്റലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.  വിദ്യാർത്ഥികൾ അക്കാദമിക വിഷയങ്ങൾക്കപ്പുറത്തേക്ക് വായനയെ വളർത്തണം. വായനശാലകളുമായുുള്ള കുട്ടികളുടെ ബന്ധം നിലനിർത്താൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. 

മത സ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കിടയിൽ മതനിരപേക്ഷത ഉയർത്തി പിടിച്ച് മുന്നോട്ട് പോകാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഹിഷ്ണുത എന്ന മുദ്രാവാക്യം ലോകത്തെ പരിചയപ്പെടുത്തിയ നാടാണ് ഇന്ത്യ. ഏത് മതത്തിലും വിശ്വസിക്കാനും അവ പ്രചരിപ്പിക്കാനും ഇന്ത്യയിൽ ഭരണഘടനാപരമായി അവകാശമുണ്ട്. അങ്ങനെയൊരു രാജ്യത്ത് കുറച്ച് പേരുടെ മാത്രം അവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. ഭയം ഭരിക്കുന്ന രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ അപകടകരമാം വിധം മതനിരപേക്ഷ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. ഇത്തരം ഒരു കാലഘട്ടത്തിൽ ഭരണഘടന സാക്ഷരത ജനങ്ങളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം ലൈബ്രറികൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

1949 ൽ പ്രവർത്തനമാരംഭിച്ച നാഷ്ണൽ റീഡിംഗ് ക്ലബ്ബ് ആൻ്റ് പബ്ലിക് ലൈബ്രറിയുടെ ജൂബിലി ആഘോഷങ്ങൾക്കാണ് സമാപനമായത്. 8000 ത്തോളം പുസ്തകങ്ങളുമായി വായനയുടെ വലിയൊരു ലോകത്തേക്ക് വഴി തുറക്കുകയാണ് ഈ വായനശാല. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കർഷകരായ ലിജോ നിരപ്പത്ത്, സന്ധ്യ ശിവൻ ,എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ  കരസ്ഥമാക്കിയവർ, റാങ്ക് ജേതാക്കളായ നയന ഷാജി, സാന്ദ്രാ ഷാജി, പാലിയേറ്റീവ് നഴ്സ് ലേഖ ബിജു, ലൈബ്രറിയിലെ ആദ്യകാല അംഗങ്ങൾ, ആശാവർക്കർമാർ  എന്നിവരെ ആദരിച്ചു.

പരിപാടിയിൽ മാത്യൂ കുഴൽനാടൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസി ജോളി, മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ്, നാഷ്ണൽ റീഡിംഗ് ക്ലബ്ബ് ആൻ്റ് പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് ജയ ജോർജ്, സെക്രട്ടറി ഇ. കെ. സുരേഷ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ ഉണ്ണി, കദളിക്കാട് വിമലമാതാ പള്ളി വികാരി ഡോ. തോമസ് പോത്തനാമൂഴി, വിമലമാതാ ഹയർ സെക്കൻ്ററി സ്കൂർ ഹെഡ് മിസ്ട്രസ് സി. നിർമ്മൽ മരിയ , മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തംഗങ്ങളായ ജാസ്മിൻ റെജി, അനിത റെജി എന്നിവർ പങ്കെടുത്തു.


Comment As:

Comment (0)