കൊച്ചിനേവൽ ചിൽഡ്രൻസ് സ്കൂളിന് കൈറ്റിൻ്റെ കൈത്താങ്ങ്. ധാരണാപത്രം ഒപ്പിട്ടു.


 കൊച്ചി:                                                               

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക ഏജന്‍സിയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നേവല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള നേവല്‍ ചില്‍ഡ്രൻസ് സ്കൂളിന് (എന്‍.സി.എസ്) എ.ഐ, റോബോട്ടിക്സ് ഉള്‍പ്പെടെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പിന്തുണ നൽകും.  ഇതിനായുള്ള ധാരണാപത്രം എന്‍.സി.എസ്-ല്‍നടന്ന ചടങ്ങില്‍വച്ച് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്തും എന്‍.സി.എസ് കൊച്ചി വൈസ് ചെയര്‍പേഴ്സണ്‍ കമാന്‍ഡര്‍ ബെന്‍ എച്ച് ബേര്‍സണും ഇന്ന്ഒപ്പ് വച്ചു.


രാജ്യത്താദ്യമായി കേരളത്തില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പാഠപുസ്തകത്തില്‍ റോബോട്ടിക്സും ഐടിയും ഉള്‍പ്പെടുത്തിയതിന്റെ തുടര്‍ച്ചയായി സ്കൂളുകള്‍ക്ക് 29000 റോബോട്ടിക് കിറ്റുകളും കൈറ്റ് നല്‍കിയിരുന്നു. ഇതുപയോഗിച്ച് ഡിജിറ്റല്‍ സര്‍ഗാത്മകതയും, നൂതനത്വവും കുട്ടികളില്‍ വളര്‍ത്താന്‍ കൈറ്റ് ആവിഷ്കരിച്ച പദ്ധതികള്‍ ഇനി നേവൽ ചിൽഡ്രൻസ് സ്കൂളിലും നടപ്പാക്കാന്‍ കൈറ്റ് സഹായിക്കും.  അധ്യാപക പരിശീലനം, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡിജിറ്റല്‍ ഉള്ളടക്കം, ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനം, കൈറ്റ് വിക്ടേഴ്സിന്റെ സഹായത്തോടെ ഡോക്യുമെന്റേഷന്‍ തുടങ്ങിയ മേഖലകളിലാണ് കൈറ്റിന്റെ പിന്തുണ നല്‍കുകയെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.


ദേശീയ തലത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് മാതൃകയായിട്ടുള്ള കൈറ്റിന്റെ പിന്തുണ എന്‍.സി.എസ്-ന്റെ ദര്‍ശനം ഫലപ്രദമായി നടപ്പാക്കാന്‍ ഏറെ സഹായകമാകുമെന്ന് എന്‍.സി.എസ് വൈസ് ചെയര്‍മാന്‍ കമാന്‍ഡര്‍ ബെന്‍ എച്ച് ബേർസൻ പറഞ്ഞു.  കമാൻഡര്‍ എസ് പാര്‍ത്ഥിബന്‍, പ്രിന്‍സിപ്പാൾ അജീന തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

 എറണാകുളം ജില്ലയിലെ എ.എല്‍.എഫ്.എച്ച്.എസ് ചേരാനല്ലൂര്‍, സെന്റ് ജോസഫ് എച്ച്.എസ് കരുകുറ്റി എന്നീ സ്കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ തയ്യാറാക്കിയ റോബോട്ടിക് ഉല്പന്നങ്ങളുടെ പ്രദര്‍ശനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.


Comment As:

Comment (0)