ഫിസാറ്റിനെ കുളിരയണിയിക്കുന്ന പുഴ
എ. സെബാസ്റ്റ്യൻ
.......................................
അങ്കമാലി : മനുഷ്യന്റെ ഉള്ളില്‍ എന്നും എവിടെ വസിച്ചാലും വന്യമായ കാടും ചോലയും പുഴയും എന്നുമുണ്ട്. അതിനെ അത്രമാത്രം പ്രണയിക്കുന്നത് കൊണ്ടാണ് ആ സുന്ദര പ്രകൃതിയുടെ മിനിയേച്ചര്‍ രൂപങ്ങള്‍ വീടുകളുടെ മുറ്റത്ത് അലങ്കരിക്കുന്നത്. സ്വാഭാവികമായ പ്രകൃതിയെ നശിപ്പിച്ച് കൊണ്ട് ആര്‍ട്ട്ഫിഷ്യലായത് സൃഷടിക്കുന്നതായിരുന്നു പണ്ടത്തെ ട്രന്റ്. പക്ഷേ, ഇത് വിട്ട് നമ്മുടെ ഭൂമിയിലുണ്ടായതിനെ മണ്ണിട്ട് മൂടാതെ എങ്ങനെ സംരക്ഷിക്കാമെന്ന് വിചാരമുണ്ടാക്കുന്നത് അങ്ങേയറ്റം പ്രകൃതിയെ ഇഷ്ടപ്പെടുന്നവരായിരിക്കും. ഫിസാറ്റിന്റെ മുഖ്യ ഓഫീസില്‍ ചൊല്ലമ്പോള്‍ ലഭിക്കുന്നൊരു കുളിര്‍മ്മയുണ്ട്. ഏത് വേനലിലും ഈ സുഖശീതള അകം തണ്ണുപ്പിക്കുന്ന കുളിര്‍മ്മ ആസ്വദിച്ച് താഴെക്ക് നോക്കുമ്പോഴാണ് ചൊറിയൊരു പുഴ കെട്ടിടത്തിന്റെ അടിയിലൂടെ ഒഴുകുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ഫിസാറ്റ് കോളേജിന്റെ അമരക്കാരനായിരുന്ന മാത്യു സാറിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായാണ് മണ്ണിനടിയിലാകേണ്ട പുഴയെ സംരക്ഷിച്ചതെന്ന് അറിയുവാന്‍ കഴിഞ്ഞു. നമ്മളൊരു സംരംഭം ആരംഭിക്കുമ്പോള്‍ ആദ്യം ചെയ്യുന്നത് തുടങ്ങുവാന്‍ ഉദേശിക്കുന്ന സ്ഥലത്തെ തട്ടിനിരപ്പാക്കി മാറ്റി കെട്ടിടം പണിയാമെന്നാണ്. എല്ലാവരെയും സ്നേഹിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന മാത്യു സാറിന്റെ പ്രകൃതി സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് ഫിസാറ്റ് കോളേജിനെ ചുറ്റിയൊഴുകുന്ന ഒരു കിലോമീറ്റര്‍ പുഴ. വെള്ളമൊഴുകുന്ന കാഴ്ചയ്ക്ക മാത്രമല്ല, ശരീരത്തിനും ആനന്ദമായി മാറുന്നു. സ്വാഭാവികമായി ഒഴുകിയ പുഴ മണ്ണിട്ട് മൂടാതെ പുഴയെ ഒഴുകുവാന്‍ അനുവദിച്ച് കൊണ്ട് കെട്ടിടം കെട്ടിപ്പൊക്കി എന്നിടത്താണ് ഈ നിര്‍മ്മിതി മറ്റുള്ളവര്‍ക്ക് അനുകരിക്കാവുന്ന മാതൃകയായി മാറുന്നത്.



