41-ാംമത് ഹിമാലയ ദ്വാദശ ജ്യോതിർലിംഗ യാത്രയുമായി ശിവയോഗി പാർത്ഥസാരഥി
അങ്കമാലി : ഒട്ടേറെ സാമൂഹ്യ, ജീവകാരുണ്യ , സന്നദ്ധ പ്രവത്തനങ്ങൾക്കിടെ സ്കൂട്ടറിലും ഓട്ടോ റിക്ഷയിലും പതിനായിരത്തോളം കിലോമീറ്റർ സഞ്ചരിച്ച് ഹിമാലയ ദ്വാദശ ജ്യോതിർലിംഗ ദർശനയാത്ര നടത്തി ആത്മീയചാരുത പകരുന്ന ശ്രദ്ധേയനായ ശിവയോഗി പാർത്ഥസാരഥി കഴിഞ്ഞ ദിവസം 41-)മത് യാത്ര ആരംഭിച്ചു. ഇത്തവണ രണ്ട് വനിതകൾ ഉൾപ്പടെ 4 പേരടങ്ങുന്ന സംഘമാണ് തികച്ചും റോഡ് മാർഗ്ഗമുള്ള ഈ തീർത്ഥാടനത്തിന് പുറപ്പെട്ടിട്ടുള്ളത്.
കാലടി മറ്റൂർ ക്ഷേത്രാങ്കണത്തിൽ നിന്നും കഴിഞ്ഞ ദിവസം പൂജാ കർമ്മങ്ങൾക്ക് ശേഷം ആരംഭിച്ച യാത്രയുടെ ഭാഗമായി വാഹനത്തിന്റെ താക്കോൽകൈമാറ്റം യോഗക്ഷേമസഭ എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീകുമാർ താമരപ്പിള്ളിയും ഫ്ലാഗ് ഓഫ് കർമ്മം മുൻ സംസ്ഥാന പ്രസിഡന്റ് ടി.ആർ വല്ലഭൻ നമ്പൂതിരിപ്പാടും നിർവഹിച്ചു. മുൻ ജില്ലാ സെക്രട്ടറി രാജൻ പണ്ടാരത്തിൽ, ജയന്തൻ കാലടി എന്നിവർ വീശിഷ്ടാതിഥികളായിരുന്നു. ഇവർക്ക് പുറമെ ഭാര്യയും വീട്ടമ്മയുമായ ഹൈമയും മക്കളും വിദ്യാർത്ഥിനികളുമായ ലീല, ഗൗരി,ആര്യ എന്നിവരുമുൾപ്പടെയുള്ള കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.
അങ്കമാലി കിടങ്ങൂർ സ്വദേശിയായ കണ്ടമംഗലത്ത് മനയിൽ ശിവയോഗി പാർത്ഥസാരഥി (50), ചാലക്കുടിയിൽ ക്ഷേത്രം തന്ത്രിയായ ചേന്നാസ് മനയിൽ വിഷ്ണു നമ്പൂതിരിപ്പാട് (75), വീട്ടമ്മമാരായ കൊടകര കീഴാനെല്ലൂർ മനയിൽ ശ്രീദേവി അന്തർജനം (77), കുട്ടനെല്ലൂർ കരോളിൽ എളമണ്ണുമനയിൽ ശ്രീരേഖ നാരായണൻ (60) എന്നിവ രാണ് ഒന്നര മാസത്തോളം നീണ്ടു നിൽക്കുന്ന ഈ തീർത്ഥയാത്രയിലെ നാൽവർ സംഘം.
മുൻ കാലങ്ങളിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ് യാത്രയ്ക്ക് പ്രധാനമായും ഉപയോഗിച്ചിരുന്നത്. അംഗസംഖ്യ കൂടിയതിനാൽ ഒന്നു രണ്ട് തവണ ജീപ്പിലും യാത്ര നടത്തിയിട്ടുണ്ട്. 12-മത് തവണ ഒൻപതാം വയസിൽ ഇളയ മകൾ ആര്യ പാർത്ഥസാരഥിയോടൊപ്പം നടത്തിയ ഓട്ടോയാത്രയിൽ പങ്കെടുത്തിരുന്നു. കേരളത്തിൽ നിന്നും ആദ്യമായി 12 ജ്യോതിർലിംഗ യാത്രയും 12,000 കിലോമീറ്ററോളം വരുന്ന ഹിമാലയൻ യാത്രയും ഓട്ടോറിക്ഷയിൽ നടത്തിയിട്ടുള്ളതും ഇവരാണ്. ഇത്തവണ പ്രത്യേകം തയ്യാറാക്കിയ കാറിലാണ് യാത്ര. ഇന്നലെ രാമേശ്വരത്ത് എത്തിച്ചേർന്ന ഇവർ അതുവഴിയുള്ള പ്രധാന ക്ഷേത്രങ്ങൾ സന്ദർശിച്ചും തദ്ദേശവാസികളുമായി ആത്മീയ ചിന്താധാരകൾപങ്കു വച്ചും യാത്ര തുടരുകയാണ്.
രക്ഷക് ആശ്രയൻ റെസ്‌ക്യു സർവീസ് നടത്തി വരുന്ന പാർത്ഥസാരഥി പെരുമ്പാവൂർ നന്തികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ തന്ത്രിയും തിരുമേനിയുമാണ്. കൂടിയാണ്. വിവിധ സോഷ്യൽ വർക്കുകൾക്ക് പുറമെ മികച്ച പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ്. ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തുടർച്ചയായി ഇങ്ങനെയൊരു കാശിയാത്ര ഒരു വിനോദോപാധി എന്നതിലുപരി മഹത്തായ ജീവിതദർശനവും ജീവകാരുണ്യ സന്ദേശ വിളംബരവും കൂടിയാണ്. ജീവിതത്തിൽ ഇതുവരെ നേടിയ വീജ്ഞാനമൊന്നും അറിവിന്റെ പൂർണ്ണതയിൽ എത്തിയില്ല എന്ന തിരിച്ചറിവാണ് തനിക്ക് ഈ യാത്രയിലൂടെ ലഭിച്ചതെന്നും ഇത് മറ്റുള്ളവർക്ക് കൂടി പകർന്നു കൊടുക്കുകയാണ് ലക്ഷ്യമെന്നും പാർത്ഥസാരഥി പറഞ്ഞു.
പലതവണ ഒറ്റയ്ക്ക് യാത്ര ചെയ്ത് ഹിമാലയ സാനുക്കൾ ദർശിച്ച ഇദ്ദേഹം കേരളത്തെ നടുക്കിയ 2018 -ലെ വെള്ളപ്പൊക്കത്തിൽ സ്വന്തം വീട് മുങ്ങിയപ്പോഴും അനേകർക്ക് രക്ഷകനായി പ്രവർത്തിച്ചിട്ടുണ്ട്.സ്വന്തം ഇല്ലത്തെ വാഹനവും വീട്ടു പകരണങ്ങളും വെള്ളക്കെട്ടിൽ നശിച്ചപ്പോഴും വിവിധ സ്ഥലങ്ങളിൽ അനേകരെ ദുരിതക്കയത്തിൽ നിന്നും രക്ഷിക്കാനുള്ള പ്രത്യേക ധൗത്യത്തിൽ വ്യാപൃതനായിരുന്നു. ഇതുകൂടാതെ അങ്കമാലിയിലും സമീപ പ്രദേശങ്ങളിലും ഇവിടെ അപകടം ഉണ്ടായാലും ഇദ്ദേഹത്തിന്റെ സൗജന്യ ആംബുലൻസ് സേവനവും മറ്റു രക്ഷാ പ്രവർത്തനവും ഒട്ടേറെ പേർക്ക് ആശ്വാസദായകമാണ്.



