അങ്കമാലി നഗരസഭയിൽ പകർച്ചവ്യാധി നിയന്ത്രണ പ്രതിരോധ മുന്നൊരുക്കങ്ങൾ
അങ്കമാലി നഗരസഭ പരിധിയിൽ പകർച്ചവ്യാധി നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാൻ അവലോകനയോഗം നടത്തി . നഗരസഭ പ്രദേശം പൂർണ്ണമായും മാലിന്യമുക്തമാക്കൽ , ഡെങ്കിപനി , മലമ്പനി, ചിക്കൻ പോക്സ് , മഞ്ഞപ്പിത്തം , ഷിഗല തുടങ്ങിയ എല്ലാ പകർച്ചവ്യാധികളും തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കൽ എന്നിവ യോഗം ചർച്ച ചെയ്തു . എല്ലാ വാർഡിലും ബന്ധപ്പെട്ട കൗൺസിലറുടെയും ഹെൽത്ത് ഇൻസ്പെക്ടറുടെയും നേതൃത്വത്തിൽ ആരോഗ്യ ശുചീകരണ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാനും മെയ് 15 ന് മുൻമ്പ് നഗരസഭയിൽ മുഴുവനും ശുചീകരണ ഓഡിറ്റ് പൂർത്തിയാക്കുവാനും തീരുമാനിച്ചു. കൗൺസിലർമാർ, താലൂക്ക് ആശുപത്രി - നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ , ആശാവർക്കർമാർ ,തൊഴിലുറപ്പ് പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ , റെസിഡൻസ് അസോസിയേഷൻ പ്രവർത്തകർ ,സന്നദ്ധ സേന പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുവാനും അതുവഴി പകർച്ച വ്യാധികൾ പ്രതിരോധിക്കുവാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് ഫലപ്രദമായി നടപ്പിലാക്കുവാനും യോഗം തീരുമാനിച്ചു . മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കുവാൻ ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. താലൂക്ക് ആശുപതി സൂപ്രണ്ട്
ഡോ സുനിൽ ജെ ഇളന്തട്ട് , ഹെൽത്ത് സൂപ്പർവൈസർ എം വി സാബു എന്നിവർ പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവലംബിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. നഗരസഭ ചെയർമാൻ മാത്യു തോമസ് , വൈസ് ചെയർ പേഴ്സൺ സിനി ടീച്ചർ , സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.വൈ ഏല്യാസ്, ജെസ്മി ജിജോ , ഡി പി സി അംഗം റീത്ത പോൾ , മുൻ ചെയർമാൻ റെജി മാത്യൂ , ബി ജെ പി പാർലമെൻ്ററി പാർട്ടി ലീഡർ എ വി രഘു , നഗരസഭ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ , ഹെൽത്ത് സൂപ്പർവൈസർ അനിൽ ആർ , കൗൺസിലർമാരായ ലില്ലി ജോയി,ഗ്രേസ്സി ദേവസ്സി , സരിത അനിൽകുമാർ ,മോളി മാത്യു , സന്ദീപ് ശങ്കർ , കില റിസോഴ്സ് പേഴ്സൺ പി.ശശി ആശാ വർക്കർമാർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു



