റോഡ് നിർമ്മാണത്തിലെ അപാകത മൂലം അപകടം
*റോഡ് നിർമ്മാണത്തിലെ അപാകതമൂലം അപകടം: നഷ്ടപരിഹാര ബാധ്യതയിൽ നിന്നും ഒഴിവാക്കണമെന്ന കോൺട്രാക്ടറുടെ ആവശ്യം തള്ളി .*
കൊച്ചി :ഗ്യാരണ്ടി കാലാവധിയുള്ള റോഡിലെ കുഴിയിൽ വീണ് അപകടം സംഭവിച്ച വാഹന യാത്രക്കാർക്ക് ഉപഭോക്തൃ കോടതിയെ സമീപിക്കാനാ വില്ലെന്ന റോഡ് കോൺട്രാക്ടറുടെ നിലപാട് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി നിരാകരിച്ചു.
"റോഡിന്റെ നിർമ്മാണത്തിനും പരിപാലനത്തിനും പ്രത്യേകമായി റോഡ് സെസ് ഉൾപ്പെടെ പണം നൽകുന്ന ഉപഭോക്താവിന് നിലവാരമുള്ള റോഡിൽ സഞ്ചരിക്കാൻ അവകാശം ഉണ്ടാകണം " കോടതി നിരീക്ഷിച്ചു.
ഡി.ബി. ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ , ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ചാണ് നിർണ്ണായകമായ നിരീക്ഷണത്തോടെ കോൺട്രാക്ടറുടെ ഉപഹർജി നിരാകരിച്ചത്.
എറണാകുളം മൂവാറ്റുപുഴ സ്വദേശിനി ഷിജി ജോഷി എറണാകുളം ഉപഭോക്തൃ കോടതിയിൽ സമർപ്പിച്ച പരാതിയെ ചോദ്യം ചെയ്ത് റോഡിന്റെ കോൺട്രാക്ടർ ജോർജ് വെള്ളമറ്റം സമർപ്പിച്ച അപേക്ഷയാണ് കോടതി തള്ളിക്കളഞ്ഞത്.
ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ "സേവനം " എന്നതിന്റെ നിർവ്വചനത്തിൽ ഈ പരാതി വരില്ലെന്ന എതിർ കക്ഷിയുടെ വാദവും കോടതി നിരസിച്ചു.
"ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലക്ഷ്യം. സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളും അതിൽപ്പെടും. സേവനം നൽകുന്നത് ആരാണെങ്കിലും അതിന്റെ സ്വഭാവവും ന്യൂനതയുമാണ് പരിശോധിക്കേണ്ടത് " കോടതി വിലയിരുത്തി.
"പൊതു അധികാരികളുടെ സേവനത്തിലെ പോരായ്മ മൂലം ഉപഭോക്താക്കൾക്ക് നഷ്ടമുണ്ടായാൽ അതിനും പരിഹാരമുണ്ടാകണം. "
പഞ്ചാബ് അർബൻപ്പാനിങ്ങ് ആന്റ് ഡവലപ്പ്മെന്റ് കേസിൽ സുപ്രീം കോടതി യുടെ മൂന്നങ്ക ബഞ്ച് വിധിയും കോടതി പരിഗണിച്ചു.
"പൊതുനിരത്ത് ഉപയോഗിക്കുന്ന വാഹനങ്ങൾക്കാണ് റോഡ് സെസ് ഉൾപ്പെടെ സർക്കാർ നികുതി ചുമത്തുന്നത്. ഇത് റോഡ് നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും കൂടിയാണ് " ഉത്തരവിൽ കോടതി നിരീക്ഷിച്ചു.
തൊടുപുഴ- മൂവാറ്റുപുഴ പിഡബ്ല്യുഡി റോഡിൻറെ നിർമ്മാണവും പരിപാലനവുമായി ബന്ധപ്പെട്ട പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസിസ്റ്റൻറ് എൻജിനീയർ ,.കേരള റോഡ് സുരക്ഷാ കമ്മീഷണർ, കോൺട്രാക്ടർ എന്നിവർക്കെതിരെയാണ് പരാതി സമർപ്പിച്ചത്. രണ്ട് വർഷ ഗ്യാരണ്ടി കാലാവധിയിൽ നിർമിച്ച റോഡ് കാലാവധിക്കുള്ളിൽ തന്നെ തകരാറിലാവുകയും അപകടം സംഭവിക്കുകയും ചെയ്തിരുന്നു.
2021 മാർച്ച് മൂന്നിന് രാവിലെ തൊടുപുഴ- മൂവാറ്റുപുഴ പിഡബ്ല്യുഡി റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കവേ വാഴക്കുളം സെൻറ് ജോർജ് പള്ളിക്ക് മുൻവശം വെച്ചാണ് പരാതിക്കാ സ്പദമായ സംഭവം ഉണ്ടായത്. അപകടത്തിൽ പരാതിക്കാരിക്ക് ഗുരുതരമായി പരിക്കേൽക്കുകയുംചെയ്തു. വലത് കൈമുട്ടിന് രണ്ട് ഒടിവുകളും സംഭവിച്ചു. റോഡിൻറെ റീടാറിങ്ങിലെ ഗുണനിലവാരം ഇല്ലായ്മയാണ് അപകടത്തിന് കാരണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
റോഡ് നിർമ്മാണം പൂർത്തിയായത് 2021 ജനുവരി മാസം ആണെന്നും, 2 വർഷം ഡിഫക്റ്റ് ലയബിലിറ്റി കാലയളവ് ഉണ്ടെന്നും, ഈ കാലയളവിൽ കെടുപാടുകൾക് പി.ഡബ്ല്യ ഡി. മാന്യൽ പ്രകാരം കരാറുകാരൻ തന്നെയാണ് ഉത്തരവാദിയെന്നും P. W D . കോടതി മുമ്പാകെ ബോധിപ്പിച്ചു.
റോഡ് നിർമ്മാണം പൂർത്തിയായി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും റോഡിൽ വിള്ളലുകൾ രൂപപ്പെട്ടു. നിർമ്മാണ വൈകല്യമാണ് ഈ അപകടത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയെ തൊടുപുഴ സെൻമേരിസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വലതു കൈയ്യിൽ രണ്ടിടത്ത് സർജറി നടത്തുകയും ചെയ്തു .പിന്നീട് ഒരു വർഷത്തിനുശേഷം മറ്റൊരു സർജറികൂടി വേണ്ടി വന്നു. ഒന്നര ലക്ഷം രൂപയിൽ അധികം ഇതിനകം ചെലവായി. തയ്യൽ തൊഴിലാളിയായ പരാതിക്കാരിക്ക് തൊഴിലെടുത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യവും അപകടം മൂലം ഉണ്ടായി. വാഴക്കുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തുവെങ്കിലും തുടർ നടപടികൾ പോലീസ് സ്വീകരിച്ചില്ല .ഈ സാഹചര്യത്തിലാണ് 8.5 ലക്ഷം രൂപ എതിർകക്ഷികളിൽ നിന്നും ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചത്.
കേസ് തുടർ നടപടികൾക്കായി മാർച്ച് 22 ലേക്ക് മാറ്റി.



