കാലടി എസ് എൻ ഡി പി ലൈബ്രറി സംഘടിപ്പിച്ച ഗുരു സാഹിത്യ സരണി വീട്ടുമുറ്റ സദസ്സുകൾ സമാപിച്ചു.

കാലടി :ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള സാഹിത്യകൃതികളെ പരിചയപ്പെടുത്തിക്കൊണ്ട് കാലടി എസ്എൻഡിപി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗുരു സാഹിത്യസരണി വീട്ടുമുറ്റ സദസ്സുകൾ സമാപിച്ചു. മറ്റൂരിൽ എം കെ സരസ്വതി ടീച്ചറുടെ വസതിയിൽ ചേർന്ന യോഗത്തിൽ കാലടി സർവകലാശാല വേദാന്തവിഭാഗം മേധാവി ഡോ.ജി.നാരായണൻ വൈദ്യൻ കെ രാഘവൻ തിരുമുൽപ്പാട് രചിച്ച എന്റെ ഗുരുദർശനം എന്ന പുസ്തകത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. എസ്എൻഡിപിയോഗം കാലടി ശാഖ വൈസ് പ്രസിഡന്റ് എൻ പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പി.തമ്പാൻ യോഗം ഉദ്ഘാടനം ചെയ്തു. വി.ആർ. രാജമോഹനൻ, ഡോ.അജയ് എസ് ശേഖർ, വി പി കുഞ്ഞപ്പൻ,എസ്.സുരേഷ് ബാബു, പി ജി അജിതകുമാരി , പി ആർ ഉണ്ണികൃഷ്ണൻ , അഭിനയ ബാബുരാജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
            30 ദിവസം തുടർച്ചയായി 30 വീട്ടുമുറ്റങ്ങളിൽ നടന്ന ഗുരുസാഹിത്യസരണിയിൽ ഡോ.ടി.ഭാസ്കരൻ, പ്രൊഫ. ബാലരാമപ്പണിക്കർ, പെരുമ്പടവം ശ്രീധരൻ , കെ പി അപ്പൻ, ഡോ.കെ. പ്രശോഭൻ, പഴമ്പിള്ളി അച്യുതൻ, ഡോ. കവിതാരാമൻ ഡോ.എം.കെ.മുനീർ, കോയിക്കൽ കെ.ജേക്കബ് തുടങ്ങിയ 30 പ്രശസ്ത വ്യക്തികൾ രചിച്ച നാരായണം , ഗുരു, ശ്രീനാരായണവിജയം , ഉഴവുകാരനായ കവി, ചരിത്രത്തെ അഗാധമാക്കിയ ഗുരു, ശ്രീനാരായണദർശനം തുടങ്ങിയ മുപ്പത് പ്രശസ്ത കൃതികളെയാണ് വീട്ടുമുറ്റ വായനാസദസ്സുകളിൽ പരിചയപ്പെടുത്തിയത്. ഡോ. കെ എൽ പദ്മദാസ്, ഡോ. ടി ജി ശ്രീകുമാർ , പീതാംബരൻ നീലീശ്വരം, കാർത്തികേയൻ നായർ മൂവാറ്റുപുഴ, നമ്യലക്ഷ്മി, ഐവർകാല രവികുമാർ , കൂടൽ ശോഭൻ  തുടങ്ങിയ 30 പേർ വിഷയം അവതരിപ്പിച്ചു.
കാലടി ,ചെങ്ങൽ,നീലീശ്വരം, തോട്ടകം, മാണിക്യമംഗലം, ഒക്കൽ, കാഞ്ഞൂർ ,മരോട്ടിച്ചോട് എന്നിവിടങ്ങളിലെ 30 വീട്ടുമുറ്റങ്ങളാണ് പുസ്തക ചർച്ചയ്ക്ക് വേദികളായത്.
ഗുരുധർമ്മപ്രചാരണ സഭ ഒക്കൽ യൂണിറ്റ്, യൂസഫ് മെമ്മോറിയൽ ലൈബ്രറി തുറവുംകര, എസ്എൻ യൂത്ത് ക്ലബ് ലൈബ്രറി നീലീശ്വരം, പുരോഗമന കലാസാഹിത്യസംഘം, ചെങ്ങൽ വനിതാ വായനശാല, കാഞ്ഞൂർ ഗ്രാമീണ വായനശാല തുടങ്ങിയ വിവിധ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് വായനാസദസുകൾ സംഘടിപ്പിച്ചത്. 
 ജാതിമതഭേദമെന്യേ മുപ്പത് വീട്ടുമുറ്റങ്ങളിൽ മുപ്പത് പേർ രചിച്ച 30 പുസ്തകങ്ങളെക്കുറിച്ച് 30 വേറിട്ട പ്രഭാഷകരാണ് പ്രഭാഷണങ്ങൾ നടത്തിയത്. 
കാലടി എസ്എൻഡിപി ലൈബ്രറിയുടെ 75ാം വാർഷിക ആഘോഷങ്ങളുടെയും ലൈബ്രറിയിലെ പ്രതിവാര സാംസ്കാരിക കൂട്ടായ്മയായ ബുധസംഗമം 15 വർഷം പൂർത്തിയാക്കുന്നതിന്റേയും നിറവിലാണ് ഗുരുസാഹിത്യസരണി വീട്ടുമുറ്റവായനസദസ്സുകൾ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി 75 ദിവസം തുടർച്ചയായി വ്യത്യസ്ത വിഷയങ്ങളിലുള്ള പ്രഭാഷണപരമ്പരകൾ ലൈബ്രറിയിലും, 75 ശ്രദ്ധേയമായ പുസ്തകങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് തുടർച്ചയായി വായനാവസന്തം എന്ന പേരിൽ 75 വീട്ടുമുറ്റ വായനാസദസ്സുകളും കാലടി എസ് എൻ ഡി പി ലൈബ്രറി  സംഘടിപ്പിക്കുകയുണ്ടായി. അഡ്വ. കെ ബി സാബു പ്രസിഡന്റ്, കാലടി എസ്. മുരളീധരൻ സെക്രട്ടറി, എം വി ജയപ്രകാശ് വൈസ് പ്രസിഡന്റ്, ആർ. ഉണ്ണികൃഷ്ണൻ ജോ.സെക്രട്ടറി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


Comment As:

Comment (0)