അക്കൗണ്ട് ഹോൾഡർ അറിയാതെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചു ബാങ്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
കൊച്ചി : അക്കൗണ്ട് ഹോൾഡർ അറിയാതെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചു. ബാങ്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.
ഉപഭോക്താവ് അറിയാതെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും മൂന്ന് തവണകളായി പണം പിൻവലിച്ചു ഒരു ലക്ഷത്തി അറുപതിനായിരം രൂപ നഷ്ടപ്പെട്ടതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
കമ്മീഷൻ പ്രസിഡന്റ് ഡി ബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, റ്റി എൻ ശ്രീവിദ്യ എന്നിവരാണ് ഉത്തരവിട്ടത്.
രണ്ടായിരത്തി പതിനെട്ട് ഡിസംബർ 26,27 തീയതികളിൽ മൂന്ന് തവണകളായിട്ടാണ് ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുവാറ്റുപുഴ പെഴക്കാപ്പിള്ളി ബ്രാഞ്ചിൽ അക്കൗണ്ടുള്ള മുവാറ്റുപുഴ സ്വദേശി ബി എം സലീമിനാണ് ദുരനുഭവം ഉണ്ടായത്.
സ്വന്തം ആവശ്യത്തിന് പണം പിൻവലിക്കുക്കാൻ മുളന്തുരുത്തിയിലെ എ റ്റി എം ൽ കയറിയപ്പോൾ ആണ് പണം നഷ്ടമായ വിവരം അറിയുന്നത്.
ഉടൻ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചെങ്കിലും ആവശ്യമായ സഹായം അവിടെനിന്നും ലഭിക്കാത്ത സാഹചര്യത്തിൽ ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കുകയും ബാങ്കിംഗ് ഓംബുഡ്സ്മാൻ എൺപതിനായിരം രൂപ നൽകാൻ വിധിക്കുകയും ചെയ്തു.
തുടർന്ന് ബാലൻസായി ലഭിക്കാനുള്ള എഴുപതിനായിരം രൂപയ്ക്കായാണ് ഉപഭോക്താവ് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്വമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു.
പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട കമ്മീഷൻ ഉപഭോക്താവിന് നൽകാനുള്ള എഴുപതിനായിരം രൂപയും കോടതി ചിലവായി പതിനയ്യായിരം രൂപയും മുപ്പതു ദിവസത്തിനുള്ളിൽ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഉത്തരവ് നൽകി.
പ്രവാസി ലീഗൽ സെൽ കേരളചാപ്റ്റർ മുൻ പ്രസിഡന്റ് കൂടിയാണ് കമ്മീഷൻ പ്രസിഡന്റ് അഡ്വ.ഡി ബി ബിനു



