കറുകുറ്റി ആഴകം റോഡ് ബി എം ബി സി നിലവാരത്തിൽ പുനർ നിർമ്മിക്കുന്നു.
അങ്കമാലി :ദേശീയ പാതയിലെ കറുകുറ്റി കപ്പേള മുതൽ മൂക്കന്നൂർ മലഞ്ചരക്ക് ജംഗ്ഷൻ വരെയുള്ള കറുകുറ്റി - ആഴകം പി ഡബ്ല്യൂ ഡി റോഡിന്റെ പുനർനിർമ്മാണം ആരംഭിച്ചു. 8 മീറ്റർ വീതിയിൽ ബി എം ബി സി നിലവാരത്തിലാണ് റോഡ് നിർമ്മാണം. റോഡിനിരുവശമുള്ളവർ സ്ഥലം സൗജന്യമായി വിട്ടു നൽകും. 5 കോടി 54 ലക്ഷം രുപ അനുവദിച്ചിട്ടുണ്ട്.ഒക്ടോബർ മാസത്തിനുള്ളിൽ സ്ഥലം വിട്ടു നൽകിയാൽ ഫെബ്രുവരി മാസത്തോടെ റോഡ് നിർമ്മാണം പൂർത്തീകരിക്കാനാവുമെന്നു നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് അങ്കമാലി എം. എൽ. എ റോജി എം. ജോൺ അറിയിച്ചു.
സ്ഥലം സൗജന്യമായി വിട്ടുതരുന്നവരുടെ മതിലുകളും മറ്റും പൊളിച്ച് വീതികൂട്ടി
വീണ്ടും നിർമ്മിച്ചു കൊടുക്കും. ചിലർ സ്ഥലം സൗജന്യമായി വിട്ടുനൽകുകയും സ്വന്തം ചിലവിൽ മതിലുകളും മറ്റും പണിതീർക്കും.
ഇതിനാവശ്യമായ ഏകദ്ദേശം 60 ലക്ഷത്തോളം രൂപ, അനുവദിച്ച തുകയില്ലാത്തതിനാൽ ജനപങ്കാളിത്വത്തോടെ സമാഹരിച്ച് മതിലുകളും മറ്റും നിർമ്മിച്ച് നൽകും.ഇതിനായി 31 പേരടങ്ങുന്ന കറുകുറ്റി ആഴകം പി ഡബ്ളൂ. ഡി റോഡ് ബി. എം. ബി. സി. ഡെവല്പമെന്റ് കമ്മിറ്റിയുടെ രക്ഷാധികാരിയായി അങ്കമാലി എം. എൽ. എ റോജി എം. ജോൺ, ചെയർപേഴ്സൺ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതിക ശശികുമാർ, കൺവീനർ ഷാജു വി.തെക്കേക്കര, ട്രഷറർ ഡേവിഡ് ജെ.പൈനാടത്ത് എന്നിവരെ തിരഞ്ഞെടുത്തു.
വെള്ളക്കെട്ടുള്ള ചർച്ച് റോഡിൽ 3 കൾവർട്ടുകൾ നിർമ്മിച്ച് വെള്ളക്കെട്ടു പരിഹരിക്കും.സെന്റ് ജോസഫ്സ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫിസാറ്റ് കോളേജ് എന്നിവ ഈ റോഡിന്റെ സമീപത്താണ്. റോഡ്പണി പൂർത്തിയാവുമ്പോൾ അതിരപ്പിള്ളിയിലേക്കുള്ള എളുപ്പവഴിയായി മാറും.



