തടസ്സമുണ്ടാക്കാം ... എന്നാല്‍ ഓണ്‍ലൈന്‍ ചാനലുകളെ നിശബ്ദമാക്കാന്‍ കഴിയില്ല - ഭരണകൂട ഭീകരതക്കെതിരെ ഇനിയും പൊരുതും ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം : ഭരണകൂട ഭീകരതയുടെ കറുത്തമുഖമാണ് ഇപ്പോള്‍ വെളിവായിരിക്കുന്നതെന്നും മറുനാടന്‍ മലയാളിയുടെ ഓഫീസ് അടച്ചുപൂട്ടിയ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്  പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), വൈസ് പ്രസിഡന്റ് അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറി രവീന്ദ്രന്‍ ബി.വി (കവര്‍സ്റ്റോറി), എസ്‌.ശ്രീജിത്ത്‌ (റൌണ്ടപ്പ് കേരള), എക്സിക്യുട്ടീവ്‌ അംഗങ്ങളായ സജിത്ത് ഹിലാരി (ന്യുസ് ലൈന്‍ കേരളാ 24), അജിത ജെയ്ഷോര്‍ (മിഷന്‍ ന്യൂസ്) എന്നിവര്‍ പറഞ്ഞു.

ചാനലിന്റെ പ്രവര്‍ത്തനത്തിന് തടസ്സങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഓണ്‍ലൈന്‍ ചാനലുകളെ നിശബ്ദമാക്കുവാന്‍ കഴിയില്ലെന്നും ഭരണകൂട ഭീകരതക്കെതിരെ ഇനിയും പൊരുതുമെന്നും ഗില്‍ഡ് വ്യക്തമാക്കി. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ചുകൊണ്ടാണ് ഓണ്‍ലൈന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് നിയമ നടപടികള്‍ മുമ്പിലുണ്ട്. എന്നാല്‍ വളഞ്ഞ മാര്‍ഗ്ഗങ്ങളില്‍ക്കൂടി ചാനല്‍ അടച്ചുപൂട്ടിയ നടപടി അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ്. അധികാരം ഉപയോഗിച്ച് മാധ്യമ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയായിരുന്നു. ഓണ്‍ലൈന്‍ ചാനലുകള്‍ നല്‍കുന്ന വാര്‍ത്തയെ ഭയപ്പെടുന്നതുകൊണ്ടാണ് ഇത്തരം നടപടികള്‍. പാര്‍ട്ടിയുടെയും മതത്തിന്റെയും ഉടമസ്ഥതയിലുള്ള  ചാനലുകളും പത്രങ്ങളും ഇവിടെയുണ്ട്. സ്വന്തം ആശയങ്ങളും ആഗ്രഹങ്ങളും അതിലൂടെ ജനങ്ങളിലേക്ക് എത്തിക്കാമെന്നിരിക്കെ സ്വതന്ത്ര മാധ്യമങ്ങളെ തങ്ങളുടെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് താളം തുള്ളിക്കാമെന്നത് വെറും വ്യാമോഹം മാത്രമായിരിക്കുമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു.  


കൊടും ഭീകരനെ പിടിക്കാന്‍ പോകുന്ന രീതിയിലുള്ള സന്നാഹവുമായാണ്  പോലീസ് മറുനാടന്‍ ഓപ്പറേഷന്‍ നടത്തിയത്. ജീവനക്കാരുടെ വീടുകളിലും അവരുടെ ബന്ധുക്കളുടെ വീടുകളിലുംവരെ പരിശോധന നടത്തി. ലാപ്ടോപ്കളും ഫോണുകളും പോലീസ് പിടിച്ചെടുത്തു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഓഫീസില്‍ ഉണ്ടായിരുന്ന എല്ലാ ഉപകരണങ്ങളും പോലീസ് എടുത്തുകൊണ്ടുപോയി. ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തു. സമീപകാലത്ത് പല കുറ്റവാളികളും അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയിരുന്നു. ഇവിടെയൊന്നും കാണാത്ത ആവേശമായിരുന്നു മറുനാടന്‍ വേട്ടക്കിറങ്ങിയ കേരളാ പോലീസിന്. കേസ് സുപ്രീംകോടതിയില്‍ എത്തിയ സ്ഥിതിക്ക് ഇനിയും കടുത്ത നിയമപോരാട്ടങ്ങള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. കേരളാ പോലീസിന്റെ നിയമവിരുദ്ധമായ നടപടികള്‍ ഉണ്ടെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.

കുത്തക മാധ്യമങ്ങള്‍ ഓണ്‍ലൈന്‍ പൂട്ടിക്കാണാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവര്‍ക്ക് ഓണ്‍ലൈന്‍ ചാനലുകളോട് കടുത്ത പകയാണ്. വാര്‍ത്തകളുടെ നിയന്ത്രണം തങ്ങളുടെ കയ്യില്‍നിന്നും നഷ്ടപ്പെട്ടതില്‍ രോഷാകുലരാണ് ഇവര്‍. കുത്തക മാധ്യമങ്ങള്‍ മൂടിവെക്കുന്ന വാര്‍ത്തകള്‍ തെളിവുകള്‍ സഹിതം ജനങ്ങളിലേക്ക് എത്തിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. പരസ്യങ്ങള്‍ കുത്തിനിറച്ച പത്രം വിലകൊടുത്ത് വാങ്ങി വായിക്കണം. ടി.വി കാണണമെങ്കിലും പണം നല്‍കണം. എന്നാല്‍ ഓണ്‍ലൈന്‍ ചാനലുകള്‍ വാര്‍ത്തകള്‍ നല്‍കുന്നത് തികച്ചും സൌജന്യമായാണ്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ചാനലുകളെ ശത്രുക്കളെപ്പോലെയാണ് ഇവര്‍ കാണുന്നത്. മറുനാടന്‍ വേട്ടക്കു പിന്നില്‍ ഇവരുമുണ്ടെന്ന് സംശയിക്കുന്നു.


Comment As:

Comment (0)