നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് സമാപിച്ചു.
നെടുമ്പാശ്ശേരി : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് സമാപിച്ചു.10 വനിതകളും 9 പുരുഷന്മാരും അടക്കം 19 തീർത്ഥാടകരാണ് ഇന്നലെ യാത്രയായത്. രാവിലെ 11:30 ന് സൗദി എയർലൈൻസ് വിമാനത്തിലാണ് ഇവർ പുറപ്പെട്ടത്. നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേർന്ന് സിയാൽ അക്കാദമിയിൽ പ്രവർത്തിച്ച ഹജ്ജ് ക്യാമ്പിലെ പ്രധാന കോൺഫറൻസ് ഹാളിൽ പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിലാണ് ക്യാമ്പിന് സമാപനം കുറിച്ചത്. ക്യാമ്പിൽ നടന്ന സമാപന യോഗം ഹജ്ജ് കമ്മിറ്റിഅംഗം സഫർ എ. ഖയാല് ഉദ്ഘാടനം ചെയ്തു. മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനായിരുന്നു. ഹജ്ജ് സെൽ ഓഫീസർ എം.ഐ ഷാജി ഹജ്ജ് ക്യാമ്പ് കോഡിനേറ്റർ ടി.കെ സലിം, മുസമ്മിൽ ഹാജി, അസീസ് സഖാഫി, എ.എ ഇബ്രാഹിം കുട്ടി, എം.എ സുധീർ തുടങ്ങിയവർ സംസാരിച്ചു.1354 വനിതകളും 914 പുരുഷന്മാരും ഉൾപ്പെടെ 2268 തീർത്ഥാടകരാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് വഴി ഈ വർഷം യാത്രയായത്. ഈ മാസം ഏഴിനാണ് ക്യാമ്പ് ആരംഭിച്ചത്. കേരളത്തിൽ നിന്നുള്ള 2055 തീർത്ഥാടകർക്ക് പുറമെ ലക്ഷദ്വീപിൽ നിന്നുള്ള തീർത്ഥാടകരുടെ എംബാർക്കേഷൻ പോയന്റും നെടുമ്പാശ്ശേരിയിലായിരുന്നു. ഇവരെ കൂടാതെ തമിഴ്നാട്ടിൽ നിന്നുള്ള 47 പേരും ഹരിയാനയിൽ നിന്നുള്ള രണ്ടു പേരും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ട തീർത്ഥാടക സംഘത്തിൽ ഉൾപ്പെടുന്നു.164 പേരാണ് ലക്ഷ്വദ്വീപിൽ നിന്നും യാത്രയായത്. സൗദി എയർലൈൻസിന്റെ 6 ചാർട്ടേർഡ് വിമാനങ്ങളിലും ഒരു സാധാരണ യാത്രാ വിമാനത്തിലുമാണ് നെടുമ്പാശേരിയിൽ നിന്നും തീർത്ഥാടകർ ജിദ്ദയിലെത്തിയത്. ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ശേഷം ജൂലൈ 18 നാണ് ആദ്യ സംഘം ഹാജിമാർ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തുന്നത്. ജിദ്ദ വഴി മക്കയിലെത്തിയ തീർത്ഥാടകർ മദീന വിമാനത്താവളത്തിൽ നിന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്. 7 വിമാനങ്ങളാണ് മടക്ക യാത്രയ്ക്കായി സൗദി എയർലൈൻസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് രണ്ടിനാണ് അവസാന സംഘം എത്തിച്ചേരുക മടങ്ങിയെത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. ഹാജിമാർക്ക് വിതരണം ചെയ്യുന്നതിനുള്ള സംസം വെള്ളം ഇതിനകം തന്നെ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ഇവ രാജ്യന്തര ടെർമിനലിൽ പ്രത്യേകമായി സൂക്ഷിച്ചിരിക്കുകയാണ് അഞ്ചു ലിറ്റർ വീതം സംസം വെള്ളമാണ് ഓരോ തീർത്ഥാടകനും നൽകുക ഹാജിമാർക്ക് സ്വന്തമായി സംസം വെള്ളം കൊണ്ടുവരുവാൻ അനുമതിയില്ല. സിയാൽ അക്കാദമിയിൽ പ്രവർത്തിച്ച നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും സിയാലിന്റെയും നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് തീർത്ഥാടകർക്കായി ഒരുക്കിയിരുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയാണ് ഹജ്ജ് ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ എ.വി അബ്ദുറഹ്മാൻ പി. രാജീവ് എംപിമാരായ മുഹമ്മദ് ഫൈസൽ, ബെന്നി ബഹനാൻ, ജെബി മേത്തർ, എ.എം ആരിഫ്, എം.എൽ.എമാരായ മുഹമ്മദ് മുഹ്സിൻ, അൻവർ സാദത്ത്, കെ. ബാബു, ഉമാ തോമസ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടി, സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ, ജില്ലാ കളക്ടർ എൻ.എസ് ഉമേഷ്, സിയാൽ എംഡി എസ്. സുഹാസ് തുടങ്ങിയ പ്രമുഖരും ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ മംഗളങ്ങൾ നേരാൻ ക്യാമ്പിൽ എത്തി. ഇവരെ കൂടാതെ നിരവധി പണ്ഡിത ശ്രേഷ്ഠരും തീർത്ഥാടകരോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാനും മറ്റുമായി ഹജ്ജ് ക്യാമ്പിൽ എത്തിയിരുന്നു. വനിതകൾ അടക്കം160 ഓളം വളണ്ടിയർമാരാണ് വിവിധ വിഭാഗങ്ങളായി തിരിഞ്ഞ് വിമാനത്താവളത്തിലും ഹജ്ജ് ക്യാമ്പിലും തീർത്ഥാടകർക്ക് സഹായമായി രംഗത്തുണ്ടായിരുന്നത്.



