കെ.ആർ ഗൗരിയമ്മ രാഷ്ട്രീയം ജന സേവനമാണെന്ന മൂല്യം മുറുകെ പിടിച്ച വ്യക്തി: അഡ്വ: എ..എൻ രാജൻ ബാബു
ആലപ്പുഴ: (11.05.23) രാഷ്ട്രീയം ധനസമ്പാദനമല്ല ജനസേവനമാണെന്ന മൂല്യം ജീവിതത്തിലുടനീളം മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു കെ ആര്‍ ഗൗരിയമ്മയെന്ന് മുന്‍ എം.എല്‍.എയും ജെ.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായ അഡ്വ എ.എന്‍ രാജന്‍ബാബു. കെ ആര്‍ ഗൗരിയമ്മയുടെ രണ്ടാമത് സ്മൃതിദിനസമ്മേളനം ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 36ാം വയസില്‍ കേരളത്തിന്റെ റവന്യുമന്ത്രിയായി കെ.ആര്‍ ഗൗരിയമ്മ അധികാരമേല്‍ക്കുമ്പോള്‍ യാതൊരു ഭരണപരിചയവും ഇല്ലായിരുന്നു. എങ്കിലും ചുമതലയേറ്റതിന്റെ ആറാം ദിവസം കുടിയൊഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ് വഴി കേരളത്തിലെ 28 ലക്ഷം ജനങ്ങള്‍ക്ക് നിയമ സംരക്ഷണം നല്‍കാന്‍ ഗൗരിയമ്മയ്ക്ക് കഴിഞ്ഞുവെന്നത് എത്രമാത്രം പ്രഗല്‍ഭയായിരുന്നു അവര്‍ എന്നാണ് വ്യക്തമാകുന്നത്. വിപ്ലവകരമായ ഒട്ടേറെ നിയമങ്ങളാണ് ഗൗരിയമ്മ മന്ത്രിയായിരുന്ന സമയത്ത് നടപ്പിലാക്കിയിട്ടുള്ളത്.ഗൗരിയമ്മയെ സിപിഎം പുറത്താക്കിയപ്പോള്‍ യഥാര്‍ഥത്തില്‍ കമ്മ്യുണിസത്തെയാണ് സി.പി.എം പാര്‍ട്ടിയില്‍ നിന്നും അന്ന് പുറത്താക്കിയത്. ഗൗരിയമ്മ പാസാക്കിയ ഭൂപരിഷ്‌കരണ നിയമത്തില്‍ പിന്നീട് വെളളം ചേര്‍ക്കുകയാണ് ചെയ്തത്. വികസനവും പദ്ധതികളുമൊക്കെ അഴിമതിയുടെ സാധ്യതകളായി മാറരുതെന്ന നിര്‍ബന്ധ ബുദ്ധിയുള്ള വ്യക്തിയായിരുന്നു ഗൗരിയമ്മയെന്നും എന്നാല്‍ ഇതിനു വിരുദ്ധമാണ് ഇന്നത്തെ സര്‍ക്കാരിന്റെ നിലപാടെന്നും അഡ്വ.രാജന്‍ ബാബു പറഞ്ഞു. വര്‍ത്തമാനകാല രാഷ്ട്രീയഭരണാധികാരികള്‍ക്ക് ആദര്‍ശജീവിതവും മൂല്യബോധവും കൈമോശം വന്നിരിക്കുന്നു.സ്വജനപക്ഷപാതവും അഴിമതിയും അക്രമികളെ സംരക്ഷിക്കലുമൊക്കെയായി ഇടതുപക്ഷ പാര്‍ട്ടിയെന്ന് വിളിക്കപ്പെടാന്‍ അര്‍ഹതയില്ലാത്തവിധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധിപതിച്ചുവെന്നും ഇതില്‍ ഇടതു പ്രവര്‍ത്തകര്‍ അടക്കമുള്ള ജനങ്ങള്‍ അതീവ ദുഖിതരാണെന്നും അഡ്വ.രാജന്‍ ബാബു പറഞ്ഞു.
ജെ.എസ്,എസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.വി താമരാഷന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍ ഗൗരിയമ്മയുടെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന ടത്തിയതിനു ശേഷമായിരുന്നു അനുസ്മരണ സമ്മേളനം ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി ആര്‍ പൊന്നപ്പന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പി സി ജയന്‍, സുധാകരന്‍ പള്ളത്ത്, വി കെ സുനില്‍കുമാര്‍, ഗിരിജന്‍, സുരേഷ് ബാബു, രാധാഭായി ജയചന്ദ്രന്‍ തുടങ്ങിയവര്‍
അനുസ്മരണപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി. രാജു സ്വാഗതവും ജില്ലാ പ്രസിഡന്റ് ആര്‍ ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിനു ശേഷം ആലിശ്ശേരി മഹിളാമന്ദിരത്തില്‍ അന്നദാനവും നടത്തി



