മലയാറ്റൂർ തീർത്ഥാടകർക്ക് ഇത് പീഡന കാലമോ?

 -
മലയാറ്റൂർ തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടനം സുഗമമാക്കുന്നതിനുള്ള നടപടികളെടുക്കാൻ മുൻവർഷങ്ങളിലെ പോലെ ഈ വർഷവും ജില്ലാ  ഭരണകൂടം ജനപ്രതിനിധികൾ പോലീസ് ഉദ്യോഗസ്ഥർ ,റവന്യൂ അധികാരികൾ ഫയർഫോഴ്സ് എക്സൈസ്, തുടങ്ങി എല്ലാ ഡിപ്പാർട്ട്മെന്റുകളുടെയും യോഗം വിളിച്ചു തീർത്ഥാടനം സുഗമമാക്കാനുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് യോഗം പിരിഞ്ഞ ശേഷം വന്ന തീർത്ഥാടകർക്ക് 
 മലയാറ്റൂർ തീർത്ഥാടനം ദുരിതപർവമായി മാറുന്ന കാഴ്ചയാണ് ദുഃഖവെള്ളി ദിനത്തിൽ മലയാറ്റൂരിൽ കാണാനിടയായത് .
   കഴിഞ്ഞ കുറെ വർഷങ്ങളായി പുതു ഞായർ തിരുന്നാളിന് തിരക്ക് കൂടുമെന്ന് അറിയാവുന്ന തീർത്ഥാടകർ വിശുദ്ധ വാരമാചരിക്കുന്നദുഃഖ വെള്ളി ഉൾപ്പെടെയുള്ള ദിവസങ്ങളിൽ മലയാറ്റൂരിൽ തീർത്ഥാടനത്തിന് എത്തുന്നു..കൊറോണ കാലഘട്ടത്തിൽ പൊതു ഗതാഗതഉപയോഗം കുറച്ച ജനങ്ങൾ  മിക്കവാറും സ്വകാര്യവാഹനങ്ങളാണ് യാത്രക്കായി ഉപയോഗിക്കുന്നത് ഇങ്ങനെ സ്വകാര്യവാഹനം ഉപയോഗം കൂടിയത് ഇതുവരെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് തോന്നുന്നത്. അൻപതോ അറുപതോ പേർ ഒരു ബസ്സിൽ വന്നിരുന്ന സ്ഥാനത്ത് പന്ത്രണ്ടോ പതിനാലോ സ്വകാര്യ കാറുകൾ എത്തുന്നു. ഇങ്ങനെ വരുമ്പോൾ ഉണ്ടാകുന്ന ഗുരുതരമായ യാത്ര തടസ്സം പ്രായോഗികമായി കൈകാര്യം ചെയ്യുവാൻ അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് പ്രതിഷേധാർഹമാണ്.
കേരളത്തിലെ തെക്ക് കിഴക്ക് മേഖലയിൽ നിന്നുള്ള തീർത്ഥാടകർ കോടനാട് പാലത്തിന്റെ വരവോടെ ഈ പാലത്തിലൂടെ എളുപ്പത്തിൽ മലയാറ്റൂർ അടിവാരത്ത് എത്തിച്ചേർന്നിരുന്നു ,എന്നാൽ ദുഃഖ വെള്ളിയാഴ്ചയായ ഇന്നലെ ഈ ഭാഗത്ത് നിന്നും വന്ന തീർത്ഥാടകർക്ക് അക്ഷരാർത്ഥത്തിൽ ദുരന്ത ദിനം ആയിരുന്നു മലയാറ്റൂരിൽ നിന്നും അഞ്ചും ആറും കിലോമീറ്ററുകൾക്കു മുൻപേ വാഹനങ്ങൾ നിർത്തി അവിടെ നിന്നും കൊച്ചു കുട്ടികളും വയോധികരും അടക്കമുള്ള തീർത്ഥാടകർ കാൽനടയായി താഴത്തെ പള്ളിയിലും തുടർന്ന് അടിവാരത്തും എത്താൻ ഏകദേശം എഴോ, എട്ടോ കിലോമീറ്റർ നടന്നു അടിവാരത്ത് എത്തിച്ചേരണം പിന്നീടാണ് മലകയറ്റം. ഇത് ജനങ്ങൾക്ക് എത്രത്തോളം ദുരിതം സമ്മാനിക്കുമെന്ന് പറയേണ്ടതില്ലല്ലോ?
കാര്യങ്ങൾ ഇങ്ങനെയായിരിക്കുമ്പോൾ തന്നെ അങ്കമാലിയിൽ നിന്നും ചന്ദ്രപ്പുര നടുവട്ടം വഴി വരുന്നവർക്ക് നേരെ അടിവാരത്തെത്തി മലകയറാം.ഇതുപോലെ തന്നെ ആലുവ കാലടി വഴി വരുന്നവർക്ക് കൊറ്റമം നീലീശ്വരം താഴത്തെ പള്ളി കൂടി നേരെ അടിവാരത്തെത്തി മലകയറ്റം ആരംഭിക്കാം.അതായത് കിഴക്കൻ മേഖലയിൽ നിന്നും കോടനാട് പാലം വഴി വരാൻ ശ്രമിക്കുന്നവർക്കാണ് വൻ ദുരിതം .
 നിലവിൽ മലയാറ്റൂർ അടിവാരത്ത് പാർക്കിങ്ങുമായി ബന്ധപ്പെട്ടുള്ള സംവിധാനങ്ങൾ താറുമാറായിരി ക്കുകയാണ്.പാർക്കിങ്ങിനായി .സ്ഥലം ലഭ്യമാക്കുന്നതിൽ അധികൃതർക്ക് പരാജയം സംഭവിച്ചതായി മനസ്സിലാക്കുന്നു.
ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും മറ്റ് ബന്ധപ്പെട്ട മുഴുവൻ പേരും തീർത്ഥാടകർക്ക് നേരിട്ടുകൊണ്ടിരിക്കുന്ന അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും അടിയന്തിരമായി പരിഹരിക്കുന്നതിനു
 വേണ്ടി ശ്രമിക്കേണ്ടതാണ്. മാത്രമല്ല മലയാറ്റൂരിലും പരിസരപ്രദേശങ്ങളിലും ലഹരി കച്ചവടം പൊടിപൊടിക്കുന്നതായി നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ബന്ധപ്പെട്ട അധികാരികളുടെ സത്വരശ്രദ്ധ ഈ വിഷയങ്ങളിലെല്ലാം അടിയന്തരമായി പതിയേണ്ടതാണ്.

                          റിപ്പോട്ടർ :  സാജു തറനിലം


Comment As:

Comment (0)