മറൈൻ ഡ്രൈവിൽ ആസ്വാദന വിസ്മയം തീർത്ത് ദുർഗ വിശ്വനാഥും വിപിൻ സേവ്യറും

 


പ്രശസ്ത പിന്നണി ഗായകരായ 
ദുർഗ വിശ്വനാഥും വിപിൻ സേവ്യറും സംഘവും ചേർന്ന് അക്ഷരാർത്ഥത്തിൽ മറൈൻ ഡ്രൈവ് മൈതാനത്ത്‌ ആസ്വാദന വിസ്മയം തീർക്കുകയായിരുന്നു തിങ്കളാഴ്ച വൈകിട്ട് (ഏപ്രിൽ 3). എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയാണ് സംഗീതാസ്വാദകരുടെ മനം കീഴടക്കിയത്. 

ഇരുവരും ചേർന്ന് നാടൻ പാട്ടുകളും മെലഡിയും അടിച്ചുപൊളി ഗാനങ്ങളും കോർത്തിണക്കി അവതരിപ്പിച്ച സംഗീത നിശ രണ്ട് മണിക്കൂറോളം വേദിയെ പ്രകമ്പനംകൊള്ളിച്ചു. പ്രായഭേദമന്യേ ആയിരങ്ങളാണ് സംഗീതവിരുന്നിലേക്ക് ഒഴുകിയെത്തിയത്.  കൈയടിച്ചും നൃത്തച്ചുവടുകൾ വച്ചും പ്രേക്ഷകർ കലാകാരന്മാർക്കൊപ്പം ചേർന്നപ്പോൾ  ഉത്സവാന്തരീക്ഷത്തിലായി മറൈൻ ഡ്രൈവും പരിസരവും. 'മുസ്തഫ മുസ്തഫ' എന്ന ഗാനം ആലപിച്ചപ്പോൾ  മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ തെളിച്ചാണ് വേദി വരവേറ്റത്. 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്
ഏപ്രില്‍ എട്ടു വരെ നടക്കുന്ന മേളയില്‍  ഏപ്രിൽ ഏഴിനൊഴികെ എല്ലാ ദിവസവും വൈകിട്ട്  പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.  ഏപ്രില്‍ നാലിന് താമരശ്ശേരി ചുരം മ്യൂസിക് ബാന്‍ഡിന്റെ പരിപാടി, ഏപ്രില്‍ അഞ്ചിന്  അലോഷി പാടുന്നു, ഏപ്രില്‍ ആറിന് ആട്ടം ചെമ്മീന്‍ ബാന്‍ഡിന്റെ ഫ്യൂഷന്‍ പരിപാടി, ഏപ്രില്‍ എട്ടിന് ഗിന്നസ് പക്രുവിന്റെ മെഗാ ഷോ തുടങ്ങിയ പരിപാടികളാണ് നടക്കുക.


Comment As:

Comment (0)