സ്വര്‍ണാഭരണങ്ങള്‍ക്ക് ആറക്ക ഹാള്‍മാര്‍ക്ക് മുദ്ര (HUID) നിര്‍ബന്ധമാക്കിയ നടപടി നാളെ മുതല്‍ പ്രാബല്യത്തിൽ

 

 

ഏപ്രില്‍ ഒന്ന് മുതല്‍ എച്ച് യു ഐ ഡി ഇല്ലാത്ത സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുവാന്‍ പാടില്ലെന്ന കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് നാളെ മുതല്‍ നിലവില്‍ വരികയാണ്. രണ്ട് ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള എല്ലാ ആഭരണങ്ങള്‍ക്കും ആറക്ക ഹാള്‍മാര്‍ക്കിഗ് നിര്‍ബന്ധമാക്കുന്നതാണ് ഉത്തരവ്. നിലവിലെ നാലക്ക ഹാള്‍മാര്‍ക്ക് മുദ്രയുള്ള ആഭരണങ്ങള്‍ ജ്വല്ലറികളില്‍ ഇനി വില്‍പ്പന നടത്താന്‍ സാധിക്കില്ല.

എന്താണ് എച്ച്.യു.ഐ.ഡി

ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും അടങ്ങുന്ന ആറക്ക ആല്‍ഫ ന്യൂമെറിക് കോഡ് ആണ് എച്ച്.യു.ഐ.ഡി. അഥവാ ഹാള്‍മാര്‍ക്കിങ് യുണീക് ഐഡന്റിഫിക്കേഷന്‍. ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളില്‍ രേഖപ്പെടുത്തുന്ന പ്രത്യേക തിരിച്ചറിയല്‍ നമ്പറാണിത്. നിലവില്‍ ആറക്ക എച്ച്.യു.ഐ.ഡി. പതിച്ച സ്വര്‍ണാഭരണങ്ങളും നാല് ഗുണമേന്മ മുദ്രകളുള്ള ഹാള്‍മാര്‍ക്ക്ഡ് ആഭരണങ്ങളും വില്‍ക്കുന്നുണ്ട്.

ബി.ഐ.എസ്. ലോഗോ, പരിശുദ്ധി, ജൂവലറിയുടെ പേര് സൂചിപ്പിക്കുന്ന അക്ഷരങ്ങള്‍, ഹാള്‍മാര്‍ക്ക് ചെയ്ത സ്ഥാപനത്തെ സൂചിപ്പിക്കുന്ന അക്ഷരം എന്നിങ്ങനെയാണ് സ്വര്‍ണാഭരണങ്ങളിലുള്ള നാല് ഹാള്‍മാര്‍ക്കിങ് മുദ്രകള്‍. എച്ച്.യു.ഐ.ഡി. പതിപ്പിച്ച പുതിയ ഹാള്‍മാര്‍ക്ക്ഡ് ആഭരണങ്ങളില്‍ ബി.ഐ.എസ്. ലോഗോ, കാരറ്റ്, ആല്‍ഫ ന്യൂമെറിക് നമ്പര്‍ എന്നീ മുദ്രകള്‍ മാത്രമേ ഉണ്ടാകുകയുള്ളു.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) അംഗീകരിച്ച ഒരു സ്ഥാപനം അതിന്റെ സൂക്ഷ്മതയും പരിശുദ്ധിയും ഉറപ്പ് വരുത്തുന്നതിനായി പതിച്ച സ്വര്‍ണാഭരണങ്ങളിലെ അടയാളമാണ് ഹാള്‍മാര്‍ക്ക്. അതിനാല്‍ നിങ്ങള്‍ ഏതെങ്കിലും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോഴെല്ലാം, വഞ്ചിക്കപ്പെടാതിരിക്കാന്‍ ഹാള്‍മാര്‍ക്ക് പരിശോധിക്കുന്നത് ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കാര്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

എല്ലാ ആഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്കിംഗ് സമയത്ത് ഒരു എച്ച് യു ഐ ഡി നമ്പര്‍ നല്‍കും, ഓരോന്നും തനതായതായിരിക്കും. വെബ്‌സൈറ്റില്‍ പറയുന്നതനുസരിച്ച്, ഒരു അസൈയിംഗ് & ഹാള്‍മാര്‍ക്കിംഗ് സെന്ററില്‍ ഈ അദ്വിതീയ നമ്പര്‍ ഉപയോഗിച്ച് ആഭരണങ്ങള്‍ സ്റ്റാമ്പ് ചെയ്തുനല്‍കും. ബിഐഎസിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏകദേശം 940 അസ്സയിംഗ് & ഹാള്‍മാര്‍ക്കിംഗ് സെന്ററുകളുണ്ട്.


Comment As:

Comment (0)