എന്റെ കേരളം മെഗാ എക്സിബിഷൻ: നാടൻപാട്ട് സംഘവും വീഡിയോ പ്രദർശന വാഹനവും പര്യടനം ആരംഭിച്ചു.

 


കൊച്ചി - വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് നാടന്‍ പാട്ട് സംഘം ജില്ലയില്‍ പര്യടനം ആരംഭിച്ചു. ജില്ലയിലെ വികസനനേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശന വാഹനവും സംഘത്തിനൊപ്പം ഉണ്ട്.  

എറണാകുളം ഹൈക്കോടതി ജംങ്ഷന്‍, ബോട്ട്‌ജെട്ടി, കടവന്ത്ര, വൈറ്റില, പേട്ട, നടക്കാവ് എന്നിവിടങ്ങളിലാണ് ആദ്യദിവസം പര്യടനം നടത്തിയത്. വ്യാഴാഴ്ച്ച വൈപ്പിന്‍ മേഖലയിലാണ് പര്യടനം. 

എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് ഏപ്രില്‍ ഒന്നിന് വൈകിട്ട് ഏഴിന് എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഏപ്രില്‍ ഒന്നു മുതല്‍ എട്ടു വരെയാണ് മേള. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള ആവിഷ്‌കരിച്ചിരിക്കുന്നത്. 


സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദര്‍ശനം, വ്യവസായ വകുപ്പിന് കീഴിലെ എം.എസ്.എം.ഇ യൂണിറ്റുകള്‍, കുടുംബശ്രീ, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ എന്നിവര്‍ അണിനിരക്കുന്ന വിപണനമേള, ബി ടു ബി മീറ്റ്, പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനും ധനസഹായത്തിന് വഴി കാട്ടുന്നതിനുമുള്ള ക്ലിനിക്കുകള്‍, ടെക്നോളജി പ്രദര്‍ശനം, ചര്‍ച്ചാവേദി, ഭക്ഷ്യമേള എന്നിവയോടെയാണ് മെഗാ എക്സിബിഷന്‍ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് പ്രമുഖ കലാസംഘങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും. പൊലീസ്, കൃഷി, വ്യവസായം എന്നിവയുടെ പവിലിയനുകള്‍ മേളയുടെ ആകര്‍ഷണമാകും.

ഏപ്രില്‍ ഏഴ് ഒഴികെ എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും ബോധവത്കരണ പരിപാടികളും നടക്കും. ആധാര്‍ രജിസ്ട്രേഷന്‍, പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ തത്സമയം അക്ഷയയുടെ പവിലിയനില്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് സംബന്ധമായ പ്രശ്നങ്ങള്‍ ഭക്ഷ്യവകുപ്പിന്റെ സ്റ്റാളില്‍ പരിഹരിക്കാം. റവന്യൂ സംബന്ധമായ സേവനങ്ങളുമായാണ് റവന്യൂ വകുപ്പിന്റെ സ്റ്റാള്‍. മാലിന്യ സംസ്‌കരണത്തിലെ പുതിയ മാതൃകകള്‍ ശുചിത്വ മിഷന്‍ അവതരിപ്പിക്കും. യുവജനങ്ങള്‍ക്കായി സേവനം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി സ്റ്റാളുകളൊരുക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്‍, തൊഴില്‍ - എംപ്ലോയ്മെന്റ് വകുപ്പുകള്‍, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, അസാപ് തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഈ വിഭാഗത്തിലുണ്ടാകും. ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട നൂതന മാതൃകകള്‍ അനര്‍ട്ടിന്റെയും എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. കിഫ്ബിയുടെ പ്രത്യേക പവിലിയനില്‍ കിഫ്ബി പദ്ധതികളുടെ അവതരണം നടക്കും.

സഹകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, സപ്ലൈകോ, എക്സൈസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, മോട്ടോര്‍ വെഹിക്കിള്‍, പൊതുമരാമത്ത്, രജിസ്ട്രേഷന്‍, സോഷ്യല്‍ ജസ്റ്റിസ്, വനിത ശിശുക്ഷേമം, സാമൂഹ്യനീതി, പട്ടികജാതി, പട്ടികവര്‍ഗം, കയര്‍, ലീഗല്‍ മെട്രോളജി, ഹോമിയോ, വനം, ഫിഷറീസ് വകുപ്പുകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. കൃഷി, വനം, പൊലീസ് വകുപ്പുകളുടെ ഔട്ട് ഡോര്‍ ഡിസ്പ്ലെ സോണുകളും സജ്ജമാക്കുന്നുണ്ട്. പൊലീസിന്റെ ആഭിമുഖ്യത്തില്‍ ദിവസവും ഡോഗ് ഷോ, വാഹന പ്രദര്‍ശനം, സ്വയരക്ഷാ പരിശീലന പ്രദര്‍ശനം എന്നിവയും പ്രദര്‍ശന നഗരിയില്‍ അരങ്ങേറും.

ഉദ്ഘാടന ദിവസമായ ഏപ്രില്‍ ഒന്നിന് സ്റ്റീഫന്‍ ദേവസിയുടെ ബാന്‍ഡ് അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ (ഏപ്രില്‍ 6 വരെ) ജാസി ഗിഫ്റ്റ് മ്യൂസിക് നെറ്റ്, ദുര്‍ഗ വിശ്വനാഥ് - വിപിന്‍ സേവ്യര്‍ ഗാനമേള, താമരശ്ശേരി ചുരം ബാന്‍ഡ്, ഗിന്നസ് പക്രു സൂപ്പര്‍ മെഗാഷോ, ആട്ടം ചെമ്മീന്‍ ബാന്‍ഡ് എന്നിവ അരങ്ങേറും. ഏപ്രില്‍ എട്ടിന് വൈകിട്ട് ഏഴു മണിക്ക് അലോഷിയുടെ ഗസല്‍ രാത്രിയോടെയാണ് സമാപനം. മറൈന്‍ഡ്രൈവില്‍ പ്രദര്‍ശന നഗരിയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. വന്‍ ജനപങ്കാളിത്തമാണ് മേളയില്‍ പ്രതീക്ഷിക്കുന്നത്.


Comment As:

Comment (0)