പി പി എന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് മലയാളി പ്രാതിനിധ്യം
ഡണ്‍ലേരി :അയർലണ്ടിലെ ഡണ്‍ലേരി പബ്ളിക്ക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ് വര്‍ക്ക് (PPN ) സെക്രട്ടറിയേറ്റിലേയ്ക്ക് മലയാളി പ്രാതിനിധ്യം.
കണ്ണൂര്‍ ചെമ്പേരി സ്വദേശിയും, പൊതു പ്രവര്‍ത്തകനുമായ അഡ്വ. സിബി സെബാസ്റ്റ്യനാണ് ‘ന്യൂ കമ്യുണിറ്റി ഇനിഷ്യേറ്റിവ്’ പ്രതിനിധിയായി പി പി എന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അറുനൂറോളം അംഗങ്ങളുള്ള ഡണ്‍ലേരി പി പി എന്നില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.മാധ്യമ പ്രവര്‍ത്തകനും ബ്ളാക്ക് റോക്ക് സീറോ മലബാര്‍ കമ്യുണിറ്റി ട്രസ്റ്റിയും കൂടിയാണ് സിബി സെബാസ്റ്റ്യന്‍.
രാജ്യത്തുടനീളമുള്ള കൗണ്ടി കൗണ്‍സിലുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെ ഏകോപന സമിതിയാണ് പി പി എന്നുകള്‍. രാജ്യത്തിതാദ്യമാണ് ഒരു മലയാളി പി പി എന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ സ്ട്രാറ്റജിക് പോളിസി കമ്മിറ്റിയിലേക്ക് പി പി എന്‍ പ്രതിനിധികളായി റെജി സി ജേക്കബ് (Environment, Climate Change & Energy ) തോമസ് ജോസഫ് (Social Housing ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അയര്‍ലണ്ടിലെ വികേന്ദ്രീകൃത പ്ലാനിംഗ് സംവിധാനത്തില്‍ പദ്ധതികള്‍ രൂപപ്പെടുത്താനുള്ള ദൗത്യമാണ് കൗണ്ടി തലത്തിലുള്ള ഓരോ PPN സമിതികള്‍ക്കുമുള്ളത്. കൗണ്‍സിലര്‍മാരോടൊപ്പം പി പി എന്‍ പ്രതിനിധികളും ചേര്‍ന്ന് രൂപീകരിക്കുന്ന സ്ട്രാറ്റജിക് പോളിസി കമ്മിറ്റികളാണ് അടുത്ത വര്‍ഷങ്ങളിലേക്കുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കുക.കമ്യുണിറ്റി ഗ്രൂപ്പുകള്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഗ്രാന്റുകള്‍ ലഭിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കും കൗണ്ടി തലത്തിലുള്ള പി പി എന്നുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.



