നിയന്ത്രണങ്ങള്‍ മാറിയതോടെ ചൈനയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍
രാജ്യത്തെ ആശുപത്രികളില്‍ രോഗികളായവരെക്കൊണ്ട് നിറയുന്നുവെന്ന്, ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടുകൊണ്ട് പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ എറിക് ഫെയ്ഗ് ഡിങ് വ്യക്തമാക്കുന്നു.
പുതിയ കോവിഡ് തരംഗം കാരണം ചൈനയിൽ ലക്ഷക്കണക്കിന് പേര് മരണത്തിന് ഇരയാകുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് മരണം വര്‍ധിച്ചതോടെ ശ്മശാനങ്ങളും നിറഞ്ഞതായും, ജീവനക്കാരോട് കൂടുതല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യാനും നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഇതുവരെയും പുറത്തു വന്നിട്ടില്ല.
കോവിഡ് ബാധ കുത്തനെ വർധിച്ചത്കാരണം ചൈന സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നതെന്ന് ഡോ. എറിക് ഫെയ്ഗ് ഡിങ് പറയുന്നു. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചൈനയെ ആശങ്കയിലാക്കി പുതു തരംഗം ആഞ്ഞടിക്കുന്നത്. അതേസമയം നവംബര്‍ പകുതിക്ക് ശേഷം 11 പേര് കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ചൈന ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എന്നാല്‍ പതിനായിരത്തിലേറെ പേര്‍ക്ക് ദിവസവും കോവിഡ് രോഗബാധിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.



